ആഗസ്ത് 30നകം മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മ്മിക്കും

Monday 27 June 2016 10:52 pm IST

കണ്ണൂര്‍: ജില്ലയില്‍ കക്കൂസില്ലാത്ത മുഴുവന്‍ വീടുകളിലും ആഗസ്ത് 30നകം കക്കൂസ് നിര്‍മിക്കുവാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ചേംബറില്‍ ശുചിത്വമിഷന്‍ ഒഡിഎഫ് ക്യാമ്പയിന്റെ ഭാഗമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കൂസില്ലാത്ത വീടുകളുടെ സര്‍വെ നടത്തിക്കഴിഞ്ഞു. 6242 കക്കൂസുകള്‍ കൂടി ഉണ്ടാക്കിയാല്‍ മുഴുവന്‍ വീടുകളിലും കക്കൂസെന്ന ഖ്യാതി ജില്ലക്ക് ലഭിക്കും. ഇന്ത്യയില്‍ 3 ജില്ലയില്‍ മാത്രമേ വീടുകളില്‍ സമ്പൂര്‍ണമായി കക്കൂസുള്ളൂ. ദക്ഷിണേന്ത്യയില്‍ ഒരു ജില്ല പോലുമില്ല. ജില്ലയില്‍ 12 പഞ്ചായത്തുകള്‍ മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മ്മിച്ചു കഴിഞ്ഞു. പാനൂര്‍ ബ്‌ളോക്കില്‍ മുഴുവന്‍ വീടുകളിലും ഇത് നടപ്പിലായി. 4 ഗ്രാമപഞ്ചായത്തുകളിലായി 54 കക്കൂസുകള്‍ പൂര്‍ത്തീകരിച്ചാണിത്്. ഇതിന്റെ പ്രഖ്യാപനം ഇന്ന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതിയില്‍ ഉണ്ടാവും. 15400 രൂപയാണ് ഒരു കക്കൂസ് നിര്‍മ്മാണത്തിന് അനുവദിക്കുക. ഇതില്‍ 12000 രൂപ ശുചിത്വമിഷനും ബാക്കി തദ്ദേശ സ്ഥാപനവുമാണ് വഹിക്കുക. പട്ടികവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. ആറളം, കൊട്ടിയൂര്‍, പടിയൂര്‍-കല്യാട്, എരമം-കുറ്റൂര്‍, പായം, മുഴക്കുന്ന്, പെരിങ്ങോം-വയക്കര, ചെറുപുഴ, നടുവില്‍, കണിച്ചാര്‍ എന്നീ 10 പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.ശശിധരന്‍, ശുചിത്വമിഷന്‍ അസി. കോ. ഓര്‍ഡിനേറ്റര്‍ ഇ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.