മണിയുടെ മരണം: പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹം

Friday 1 July 2016 6:34 am IST

കലാഭവന്‍മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി കുമ്മനം രാജശേഖരന് നിവേദനം നല്‍കുന്നു. എം.ടി രമേശ് സമീപം

ചാലക്കുടി: മലയാളത്തിന്റെ കലാപ്രതിഭയായിരുന്ന മണിയുടെ മരണം സംബന്ധിച്ച കേസില്‍ കേരള പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മണിയുടെ വീട് സന്ദര്‍ശിച്ച കുമ്മനം കേസിന്റെ കാര്യങ്ങള്‍ സഹോദരനോടും ഭാര്യ നിമ്മിയോടും ചോദ്യച്ചറിഞ്ഞു.

കേസന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് വേണ്ട സഹായം അഭ്യര്‍ത്ഥിച്ച് മണിയുടെ ഭാര്യ നിമ്മി കുമ്മനം രാജശേഖരന് നിവേദനം നല്‍കി. മണിയുടെ ദുരൂഹമരണം നടന്നിട്ട് നാല് മാസമാവുകയാണ്. കേസിന്റെ കാര്യത്തില്‍ ഇത്ര നാളായിട്ടും പുരോഗതിയൊന്നും ഇല്ല. സത്യം വെളിച്ചത്ത് വരണം. മണിയുടെ കേസ് തെളിയിക്കുവാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ട്.

ദുരൂഹസാഹചര്യത്തിലാണ് വിഷാംശം ഉള്ളില്‍ ചെന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതെങ്ങിനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഇതുവരെ പോലീസിന് ഉത്തരം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലസത വെടിയണം. കേസ് സിബിഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബിജെപി അംഗീകരിക്കുന്നു.

എന്നാല്‍ കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ലാഘവ ബുദ്ധിയും ഇത്രയും വലിയൊരു മഹാനടന്റെ മരണത്തെ നിസാരവത്ക്കരിക്കുവാനുള്ള ശ്രമവും പ്രതിഷേധാര്‍ഹമാണെന്ന് കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി .ജോര്‍ജ്ജ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.