ആലപ്പുഴ: മകനൊപ്പം ഇന്ന് കാവാലത്തെ മണ്ണില്‍ നാടകാചാര്യന് അന്ത്യവിശ്രമം. ജന്മനാടിനെ കാവാലം നാരായണപണിക്കര്‍ ഒരുപക്ഷെ തന്റെ ജീവനെക്കാളേറെ സ്നേഹിച്ചിരുന്നു. കാവാലവും കാവാലം നാരായണപണിക്കരും രണ്ടല്ല, ഒന്നു തന്നെയായിരുന്നു. പ്രാണന്‍പോലെ സ്നേഹിച്ച ജന്മനാട്ടില് അന്ത്യവിശ്രമം കൊള്ളണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
ആറു വര്‍ഷം മുമ്പ് മരിച്ച മൂത്തമകന് ശ്രീഹരിക്കൊപ്പം പമ്പയാറിന്റെ തീരത്തെ വീടിനോടു ചേര്‍ന്ന് ഇന്ന് അദ്ദേഹവും കാവാലത്തിന്റെ മണ്ണോടു ചേരും. 2009 ഒക്ടോബറിലാണ് മൂത്തമകന് ശ്രീഹരി ആകസ്മികമായി മരണമടഞ്ഞത്.
ഇന്ന് രാവിലെ എഴരയോടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കാവാലത്ത് എത്തിക്കും. തുടര്‍ന്ന് ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശത്തിന് വെക്കും. വൈകിട്ട് നാലരയോടെ തറവാടിന് അരകിലോമീറ്റര്‍ അകലെയുള്ള കാവാലത്താറിന് തീരത്തെ സ്വവസതിയായ ശ്രീഹരിയില്‍ സംസ്ക്കരിക്കും.
‘തിത്തന്നം തക തെയ്യന്നം..പോന്നാട്ടേ..പോന്നാട്ടേ, നാടു കാണാന്‍ പോന്നാട്ടേ..കടല്‍മാതിന്‍ പൂവാടം കാവാലം നമ്മുടെ കാവാലം..’ ജന്മനാട്ടിലെ കുട്ടികള്‍ക്ക് കലയുടെ പാഠങ്ങള്‍ പകര്‍ന്നു നല്കാന് കാവാലം നാരായണപ്പണിക്കര്‍ നടത്തിവന്ന കുരുന്നുകൂട്ടം കലാപരിശീലനകളരിയുടെ ക്യാമ്പ് ഗീതമിങ്ങനെയാണ്.
എന്നും സ്വന്തം നാട്ടിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം. പാട്ടിന്റെ താളത്തില്‍ കുട്ടനാട്ടിലേക്ക് പാലമുണ്ടാക്കി കാത്തിരുന്നു. കുട്ടനാടിന്റെ കാറ്റിലും ജലത്തിലും ജീവിതത്തിലാകെയും പാട്ടുണ്ട്. ആ പാട്ടിനെയും ജീവിതത്തെയും പോകുന്നിടത്തെല്ലാം കൊണ്ടുനടക്കുന്നയാളായിരുന്നു കാവാലം നാരായണപ്പണിക്കര്‍. കുട്ടനാട് വളര്‍ന്നപ്പോഴും ഗ്രാമീണത വിടാത്ത കുട്ടനാടാണ് കാവാലത്തിന്റെ മനസു നിറയെ.
‘ഇവിടം വില്‍ക്കുന്നില്ല. ഈ സ്ഥലങ്ങള്‍ പമ്പയുടെ ഓളങ്ങളില്‍ താഴ്ന്നുപോയേക്കാം, എങ്കിലും വില്ക്കുന്നില്ലിവിടം. ഇവിടെയാണ് ഞാന്‍ ജനിച്ചുവീണത്. ഇവിടെയാണ് ഞാന്‍ ഓടി നടന്നത്. ഇവിടെ നിന്നാണ് വളര്‍ന്നത്. ഈ നാട് തന്നതല്ലാത്തതൊന്നും എന്നിലില്ല.
കരയേക്കാള്‍ ഏറെ വെള്ളമുള്ള നാടായിരുന്നു കുട്ടനാട്. ഓരോ തുരുത്തുകളും ഓരോ കെട്ടുവള്ളങ്ങളെപ്പോലെ സ്വതന്ത്രമായി അലഞ്ഞിരുന്ന കാലം. ഓരോ വീടുകളും ഓരോ നാടുപോലെയായിരുന്നു. നിറയെ ആളുകള്‍, എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്ര്യം. കൃഷിക്കാരനാകേണ്ടവര്‍ക്ക് കൃഷിക്കാരനാകാന്‍, പഠിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക് അങ്ങനെ, ഉള്ളവന് ഇല്ലാത്തവനെ സഹായിച്ചുകൊണ്ടുള്ള ജീവിതകാലം. കുട്ടനാട്ടിലെ എല്ലാ വീട്ടുകാര്‍ തമ്മിലും അങ്ങനെയായിരുന്നു’…… ഒരിക്കല്‍ കാവാലം ഓര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: