മമത വിട്ടുനിന്നു

Saturday 18 February 2012 9:59 pm IST

കൊല്‍ക്കത്ത: ആഭ്യന്തര മന്ത്രി പി.ചിദംബരം പങ്കെടുത്ത ചടങ്ങില്‍ നിന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നു. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച എന്‍എസ്ജി ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങാണ്‌ മമത ബഹിഷ്കരിച്ചത്‌. ബ്രോഷറില്‍ മമതയുടെ പേര്‌ ഉള്‍പ്പെടുത്തിയിരുന്നു. മമതക്കു പകരം തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും സഹമന്ത്രിയുമായ മുകുല്‍ റോയി പങ്കെടുത്തു.
ഭീകരവിരുദ്ധ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി രൂപീകരിച്ച ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ്‌ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണിതെന്നും അതിനാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നുമാണ്‌ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
അതേസമയം മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ സര്‍ക്കാരിന്‌ ചിദംബരത്തിന്റെ പ്രശംസ. ഒട്ടേറെ നക്സല്‍ ആക്രമണത്തിന്‌ വിധേയമായ ജംഗിള്‍ മഹല്‍ പ്രദേശത്ത്‌ സ്ഥിതി നിയന്ത്രണത്തിലാക്കിയതിനാണ്‌ ചിദംബരം മമതയെ പ്രശംസ അറിയിച്ചത്‌. കൊല്‍ക്കത്തക്ക്‌ അടുത്ത്‌ ഭീകരവിരുദ്ധ കേന്ദ്രം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചതിനും സുരക്ഷാ വിഭാഗത്തെ ഉപയോഗിച്ചതിനുമാണ്‌ ചിദംബരം ബംഗാള്‍ സര്‍ക്കാരിനെ ശ്ലാഘിച്ചത്‌. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന്‌ ശേഷം ജംഗിള്‍ മഹലിലെ നക്സല്‍ പ്രവര്‍ത്തനം നിയന്ത്രണവിധേയമായിട്ടുണ്ട്‌. ആത്യന്തികമായി ബംഗാള്‍ നക്സല്‍ ഭീഷണിയില്‍നിന്നും മുക്തി നേടുമെന്ന്‌ ആഭ്യന്തരമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനം ഭരിക്കുന്നത്‌ ഏത്‌ സര്‍ക്കാരാണെങ്കിലും തീവ്രവാദം, നക്സലിസം, ഭീകരവാദം എന്നിവയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഒരേപോലെ ആയിരിക്കും. സമാധാനത്തിന്റെയും സഹവര്‍ത്തത്തിന്റെയും ഗുണഫലം അനുഭവിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ക്കാവും.
എന്‍എസ്ജി കമാന്‍ഡോകള്‍ക്ക്‌ വേഗത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിനുവേണ്ടി കേന്ദ്രത്തിലേക്കുള്ള മൂന്ന്‌ കി.മീ റോഡ്‌ വിപുലപ്പെടുത്താന്‍ അദ്ദേഹം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ പെട്ടെന്ന്‌ എത്തിച്ചേരാന്‍ ഇതുകൊണ്ട്‌ സാധിക്കും.
നവംബര്‍ ഇരുപത്തിയാറിന്‌ മുംബൈ ആക്രമണത്തിനുശേഷമാണ്‌ രാജ്യത്തുടനീളം ഭീകരവിരുദ്ധ കേന്ദ്രങ്ങളാരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്‌. കൊല്‍ക്കത്തയിലാരംഭിച്ച കേന്ദ്രം വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷക്ക്‌ ഉതകുമെന്ന്‌ ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.