ആ പൈങ്കിളികള്‍ക്ക് സംഭവിക്കുന്നത്

Tuesday 28 June 2016 10:00 pm IST

കേരളത്തിലും ഭാരതത്തില്‍ തന്നെയും ഇന്ന് ദളിത ഹിന്ദുക്കള്‍ പീഡനവിധേയരാകുകയാണ്. പെരുമ്പാവൂരില്‍ മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനി ദളിത് വിഭാഗത്തില്‍പ്പെട്ടവളായിരുന്നല്ലോ. തലശ്ശേരിയിലെ, കുട്ടിമാക്കൂലില്‍ രണ്ട് ദളിത് ഹിന്ദു സഹോദരിമാര്‍ സിപിഎമ്മിന്റെ ക്രൂരമായ ശകാരത്തിനും ദൃശ്യമാധ്യമങ്ങളില്‍ക്കൂടിയുള്ള ദുഷ്പ്രചാരണത്തിനും പാത്രമായിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയ സഹോദരിമാരെ ഓഫീസ് ആക്രമിച്ചുവെന്ന പേരില്‍ അറസ്റ്റുചെയ്തത് ഈ സര്‍ക്കാരിന്റെ കാലത്താണ്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ പോലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അത് പോലീസിനോട് ചോദിക്കാനായിരുന്നു. കൈക്കുഞ്ഞുമായി സ്ത്രീ ജയിലില്‍ പോകുന്നത് ഇത് ആദ്യമല്ലെന്നും പിണറായി പരിഹസിക്കുകയുണ്ടായി. ഇപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒരു മൂന്നംഗ കമ്മറ്റി രൂപീകരിച്ച് കേരളത്തില്‍ ദളിത്‌സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനം അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുന്‍പ് നടത്തിയ പ്രചാരണം ''നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ'' എന്നായിരുന്നല്ലോ. പക്ഷേ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമപ്രകാരം 'കൃഷിഭൂമി കര്‍ഷകന്' എന്നായപ്പോള്‍ ദളിത് കര്‍ഷക തൊഴിലാളികള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത വെറും തൊഴിലാളികള്‍ മാത്രമാകുകയും ഭൂമിയ്ക്ക് അര്‍ഹതയില്ലാതാകുകയും ചെയ്തു. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതായിരുന്നു 7000 പേര്‍ പങ്കെടുത്ത ചെങ്ങറ ഭൂസമരം. കേരളത്തില്‍ ഭൂപരിഷ്‌കരണത്തിന്റെ പരിമിതികളെക്കുറിച്ച് അമേരിക്കന്‍ ബുദ്ധിജീവിയായിരുന്ന കാതറിന്‍ ഗഫ് എഴുതിയത് കേരളത്തിലെ ഭൂപരിഷ്‌കരണത്തിന് ഒരു പ്രതിലോമ സ്വഭാവമുണ്ടെന്നും അവര്‍ ദളിതരെ അന്യവല്‍ക്കരിച്ചുവെന്നുമാണ്. 65 ശതമാനം ഭൂപരിഷ്‌കരണത്തിന് പുറത്താകുകയും ദളിതര്‍ക്ക് കുടികിടപ്പിനുള്ള അവകാശം മാത്രം ലഭിക്കുകയും ചെയ്തു. കൃഷിഭൂമിക്ക് ഒരു പൈങ്കിളിയും അവകാശിയായില്ല. ദളിതര്‍ കര്‍ഷകരല്ല, അവര്‍ കര്‍ഷത്തൊഴിലാളികള്‍ മാത്രമാണ് എന്നായിരുന്നു ന്യായീകരണം. കീഴാള ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഇത് തെളിയിച്ചു. ഭാരതത്തിലെ ജനസംഖ്യയില്‍ 22 കോടി ദളിതഹിന്ദുക്കളുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും സ്വത്തില്ല. സ്വത്തില്ലാത്തതിനാല്‍ അവര്‍ ദരിദ്രരുമാകുന്നു. അവരുടെ സ്വത്തുടമസ്ഥതയ്ക്കുവേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ ശബ്ദം ഉയര്‍ത്തിയില്ല. തെലങ്കാനയില്‍ ദളിതഹിന്ദുക്കള്‍ ഇപ്പോഴും തോട്ടിപ്പണി ചെയ്യുന്നു. ലോകത്തെല്ലായിടത്തും അടിമവ്യവസ്ഥ നിലനിന്നിപ്പോള്‍ ഭാരതത്തില്‍ നിലനിന്നത് ജാതിവ്യവസ്ഥയാണ്. ജാതിവ്യവസ്ഥയുടെ ഭീകരത ഡോ.ബി.ആര്‍.അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 150 വര്‍ഷം മുന്‍പു മുതലുള്ള സാമൂഹ്യവ്യവസ്ഥ പരിശോധിച്ചാല്‍ അന്ന് കീഴാളരായിരുന്നവര്‍ ഇന്നും അതേ അവസ്ഥയിലാണ്. എന്നാല്‍ മാര്‍ക്‌സിസ്റ്റുകളായി ഞെളിഞ്ഞുനടക്കുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല. അവരുടെ മുന്‍പില്‍ രണ്ട് വിഭാഗങ്ങളേയുള്ളൂ; ബൂര്‍ഷ്വാസിയും തൊഴിലാളിയും. ഇങ്ങനെയെല്ലാം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഇന്ന് ദളിത് ഹിന്ദുസ്ത്രീകള്‍ നേരിടുന്ന പീഡനമാണ്. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നാണ് വിശേഷിപ്പിച്ചത്. എന്റെ ബാല്യത്തില്‍ തീണ്ടലും തൊടീലും ഉണ്ടായിരുന്നു. തീണ്ടല്‍ ഞങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കിലും തൊട്ടുകൂടായ്മ നിലനിന്നു. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ക്ഷേത്രവാതിലുകള്‍ എല്ലാഹിന്ദുക്കള്‍ക്കുമായി തുറന്നു. പക്ഷേ ക്ഷേത്രപ്രവേശനം ദളിതര്‍ക്ക് സാമൂഹ്യ അംഗീകാരം നേടിക്കൊടുത്തില്ല; അവരില്‍ പലരും പഠിച്ച് ഐഎഎസ് പദവിപോലും നേടിയിട്ടും. പക്ഷേ എന്റെ ബാല്യകാലത്ത് ദളിത് സ്ത്രീപീഡനമെന്നത് കേട്ടിരുന്നില്ല. വീട്ടില്‍ പണിക്കുവന്നിരുന്ന മുണ്ടിയും കാളിയും ചെറുമയും മധ്യവയസ്‌ക്കകളായിരുന്നു. അവര്‍ ഒരു തോര്‍ത്തുകൊണ്ടാണ് മാറ് മറച്ചിരുന്നത്. പക്ഷെ കുഞ്ഞിക്കാളി യുവതിയായിരുന്നു. ബ്ലൗസ് ഇട്ട, കുറച്ചു വെളുത്ത സുന്ദരി. പക്ഷെ കുഞ്ഞിക്കാളിയെപ്പോലും ഒരാളും പീഡിപ്പിക്കാന്‍ മുതിര്‍ന്നില്ല. പക്ഷെ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ദളിത് സ്ത്രീകള്‍ക്കെതിരെയുള്ള പരാക്രമങ്ങള്‍ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പ്രകാരം 2014 ല്‍ 951 ദളിത് ആക്രമണ കേസുകള്‍ ഉണ്ടായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എല്ലാറ്റിനും ഇന്ന് ദളിത് യുവതികള്‍ ഇരകളാകുന്നു. കേരളത്തിലെ കുറ്റകൃത്യനിരക്ക് 27.3 ശതമാനമാണ്. ദേശീയതലത്തിലെ കുറ്റകൃത്യനിരക്ക് 17.2 ശതമാനവും. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കേരളത്തില്‍ 891 ആണ്. പക്ഷെ ആര്‍ക്കും ശിക്ഷ ലഭിക്കാറില്ലത്രെ. 2001 ല്‍ ദളിത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ 1200-1500 കേസുകള്‍ ഉണ്ടായിട്ടും ഒന്നിനും ശിക്ഷ നല്‍കിയില്ല. 2012ല്‍ 934 കേസുകളാണുണ്ടായിരുന്നതെങ്കില്‍ 2014 ല്‍ ഇത് 951 ആയി. രണ്ടുദിവസം മുന്‍പായിരുന്നല്ലോ ഒരു ദളിത് നഴ്‌സ് ബലാത്സംഗം ചെയ്യപ്പെട്ടത്! കേരളം എന്തുകൊണ്ട് ഇങ്ങനെ രാക്ഷസരാജ്യമായി മാറുന്നു? ഇവിടെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല. അഭ്യസ്തവിദ്യരായ സ്ത്രീകള്‍, കോളേജുകുമാരിമാര്‍, വീട്ടമ്മമാര്‍ എന്നിവരില്‍ പലര്‍ക്കും ഇവിടെ വീട്ടിലും റോഡിലും വാഹനത്തിലും ജോലിസ്ഥലത്തും സുരക്ഷിതത്വമില്ല. ദളിത് സ്ത്രീ എന്നാല്‍ കേരളത്തിലെ പുരുഷന്മാര്‍ക്ക് 'പീഡിപ്പിക്കപ്പെടേണ്ടവള്‍' എന്നാണോ? ദളിത്‌വിഭാഗം ആധുനികലോകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം പൊതുസമൂഹത്തില്‍നിന്ന് പുറംതള്ളപ്പെട്ടവരാണ്. ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും വി.ടി.ഭട്ടതിരിപ്പാടും വളര്‍ത്തിയ കേരള നവീകരണ പ്രസ്ഥാനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തില്ല. പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ട്. പരിസ്ഥിതി, സ്ത്രീ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി സാമൂഹ്യ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ദൡതരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഈ ജനവിഭാഗങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ അവര്‍ക്ക് ഇപ്പോഴത്തെ ശോച്യാവസ്ഥ നേരിടേണ്ടിവരുമായിരുന്നോ? കേരളീയരില്‍ മനുഷ്യത്വം മാഞ്ഞുപോകാന്‍ പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണ്. രണ്ടും കാമോദ്ദീപകങ്ങളാണ്. കേരളീയ മനസ്സില്‍ രൂഢമൂലമായ വികാരം ദളിതര്‍ എപ്പോഴും അധഃസ്ഥിതരായിക്കഴിയേണ്ടവരാണ് എന്നാണ്. വിദ്യാഭ്യാസംകൊണ്ട് സംസ്‌കാരം കൈവരുമെന്നും സംസ്‌കാരമുള്ളവര്‍ അധഃസ്ഥിതരെ സംരക്ഷിക്കുമെന്നും മറ്റുമുള്ള വിശ്വാസത്തിന് ഇന്ന് വലിയ വിലയൊന്നുമില്ല. കണ്ണൂരിലെ കുട്ടിമാക്കൂലില്‍ പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിച്ചത് അവരുടെ പിതാവ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്‌സരിച്ചതിനാണ്. അതിന് അയാളുടെ പെണ്‍മക്കളെ മാനസികമായി പീഡിപ്പിച്ചാണോ പ്രതികാരം ചെയ്യേണ്ടത്? തങ്ങളെ ശല്യംചെയ്തത് ചോദ്യംചെയ്യാന്‍ ദളിത് സഹോദരിമാര്‍ സിപിഎം ഓഫീസിലെത്തിയതാണ് പാര്‍ട്ടി നിയന്ത്രിക്കുന്ന പോലീസിനെ അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ ജയില്‍ മോചിതരായപ്പോള്‍ സിപിഎം നേതാക്കളായ ഷംസീറും ദിവ്യയും ദൃശ്യമാധ്യമങ്ങളില്‍ക്കൂടി അപവാദപ്രചാരണം നടത്തിയതിനാലാണ് ദളിത് സഹോദരിമാരില്‍ ഒരാളായ അഞ്ജന ആത്മഹത്യാശ്രമം നടത്താന്‍ കാരണം. ദളിത് യുവതികള്‍ക്ക് പീഡനം എന്നത് കേരളത്തിന്റെ മാത്രം 'സല്‍ഗുണം' അല്ല. കര്‍ണാടകയിലെ നഴ്‌സിങ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായി ചേര്‍ന്ന ദളിത് യുവതി അശ്വതിയെ റാഗ്‌ചെയ്തത് 'കറുമ്പി' എന്ന് വിളിച്ചുകൊണ്ടായിരുന്നു. ഈ പെണ്‍കുട്ടി നഗ്‌നയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അവളെ ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം പൊള്ളി ഒട്ടിച്ചേര്‍ന്ന് സുഷിരങ്ങള്‍ രൂപപ്പെട്ട് അവള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുകയാണ്. ഇത് ചെയ്തതും മലയാളി വിദ്യാര്‍ത്ഥിനികളാണ്. ഫ്‌ളോറന്‍സ് നൈറ്റിംഗേലുകള്‍ ആകേണ്ട, കരുണയുടെ പ്രതീകങ്ങളാകേണ്ട നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണ് സഹപാഠിയെ ഈവിധം മരണത്തിന്റെ കവാടത്തില്‍ എത്തിച്ചിരിക്കുന്നത്. ദയയുടെ പ്രതീകമാകേണ്ട പെണ്‍കുട്ടികള്‍ എന്തുകൊണ്ട് യമദൂതരായി. ഇതിന്റെ അര്‍ത്ഥം കേരളീയര്‍ നല്ലൊരു വിഭാഗം സാഡിസ്റ്റുകളാണെന്നല്ലേ? റാഗിങ് തടയാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉല്‍ബോധനം നല്‍കണം എന്നു പറയുമ്പോഴും നല്ല സാഹചര്യത്തില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടികളും പെട്ടെന്ന് കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ലഹരിയില്‍ ചെകുത്താന്മാരായി മാറുന്നുവെന്നതുംകാണാതിരുന്നു കൂടാ. സമത്വ കേരളം എന്ന് യാഥാര്‍ത്ഥ്യമാകും? ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ സാധിക്കുക? ഇത് സംഭവിക്കുന്നില്ലെങ്കില്‍ കേരളം വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയമായിതന്നെ തുടരും! e-mail: leelamenon2001@yahoo.com