വയനാട് ചുരത്തിലൂടെ നടക്കാന്‍ 'മഴയാത്ര' ജൂലൈ 9ന്

Tuesday 28 June 2016 10:37 pm IST

കല്‍പ്പറ്റ: മഴയും മഞ്ഞും തണുപ്പും അനുഭവിച്ച്, കുത്തിയൊഴുകുന്ന നീര്‍ച്ചാലുകളുടെ പാല്‍കാഴ്ച്ചയും പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും ആസ്വദിച്ച് വയനാട് ചുരത്തിലൂടെ നടക്കാന്‍ 'മഴയാത്ര' സംഘടിപ്പിക്കുന്നു. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂലൈ ഒമ്പതിന് 11-ാമത് 'മഴയാത്ര' സംഘടിപ്പിക്കുന്നത്. ലക്കിടിയിലെ വയനാട് ഗെയ്റ്റില്‍ നിന്നും താഴെ അടിവാരം വരെയുള്ള പതിനഞ്ചു കിലോമീറ്റര്‍ ദൂരമാണ് താണ്ടുക. ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള റോഡിലൂടെ നടന്നിറങ്ങി ചുരത്തിലെ മനം കുളിര്‍പ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ കണ്ടാസ്വദിക്കാനും പ്രകൃതി പഠനത്തിനും അവസരമൊരുക്കുകയാണ് മഴയാത്രയുടെ ലക്ഷ്യം. രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. യാത്രയുടെ ഉദ്ഘാടനം പത്തു മണിക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ നിര്‍വഹിക്കും. മൂന്ന് മണിയോടെ യാത്ര അടിവാരത്ത് എത്തും. അവിടെ സമാപന സമ്മേളനം നടക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഈ വര്‍ഷം മുപ്പത്തി അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ശോഭീന്ദ്രന്‍, ടി.വി. രാജന്‍, രമേഷ് ബാബു, വി.കെ. രാജന്‍ നായര്‍, സി.പി. കോയ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.