ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റും

Tuesday 28 June 2016 10:43 pm IST

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാന്‍ നീക്കം. അടിസ്ഥാന സൗകര്യങ്ങളും മതിയായ അദ്ധ്യാപകരും ഇല്ലാത്തതിനാലാണ് വിദ്യാര്‍ത്ഥികളെ മാറ്റുന്നത്. 18 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ആറു പേരെ ആലപ്പുഴയിലേക്കും, എട്ടു പേരെ കോട്ടയത്തേക്കും, 10 പേരെ കോഴിക്കോട്ടേക്കും ഒമ്പതു പേരെ തൃശ്ശൂരിലേക്കും മാറ്റിക്കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ അടിസ്ഥാന സൗകര്യമുള്ള കോളേജുകളിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം അവസാനിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നത് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഇവിടെത്തന്നെ നിലനിര്‍ത്തുന്നതിനാണ് അധികൃതരുടെ തീരുമാനം. മൂന്നാം വര്‍ഷത്തേക്കുള്ള പ്രവേശനവും അനിശ്ചിതത്വത്തിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായതോടെ പുതിയ ബാച്ചിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കാന്‍ ആകുമോ എന്ന് അധികൃതര്‍ക്ക് വ്യക്തതയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ തയ്യാറാകാത്തതാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. ജില്ലാ ആശുപത്രിയും, മെഡിക്കല്‍ കോളേജ് ആശുപത്രിയും തരംതിരിക്കാത്തത് ഇതിന് കാരണമായി. മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഒപിയില്‍ രോഗികളെ കാണുന്നത്. അസ്ഥിരോഗം, ശിശുരോഗം, ത്വക്ക് രോഗം എന്നീ വിഭാഗങ്ങളില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി ആറു ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളതെന്നാണ് കോളേജ് അധികൃതരുടെ വാദം. ഓരോ വിഭാഗത്തിനും 20 ഓളം ഡോക്ടര്‍മാര്‍ വേണ്ടയിടത്താണ് ഇത്. മെഡിസിന് രണ്ടു പേരും, റേഡിയോളജിക്ക് ഒരാളും മാത്രം. മറ്റ് വിഭാഗങ്ങളുടെ കാര്യവും ഇതുപോലെതന്നെ. മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കാന്‍ മാത്രം 50 പ്രൊഫസര്‍മാര്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. ആകെ 15 ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടെങ്കിലും പലതിലും പ്രൊഫസര്‍മാര്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് പിരിഞ്ഞുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടിയാണെങ്കിലും ഭാവിയാണ് പ്രധാനമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.