53 സ്ഥാപനങ്ങളുടെ നഷ്ടം 889.89 കോടി

Wednesday 29 June 2016 9:48 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍തകര്‍ച്ചയിലേക്കെന്ന് സൂചിപ്പിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. 2015 മാര്‍ച്ച് 31 ലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ പ്രവര്‍ത്തനത്തിലിരിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിശദ പരിശോധനയില്‍ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ 498.47 കോടി രൂപ ലാഭമുണ്ടാക്കിയപ്പോള്‍ 53 സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ നഷ്ടം 889.89 കോടി രൂപയാണ്. നാലു സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ വരുത്തിയില്ല. അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങള്‍ കണക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. സംസ്ഥാനത്ത് 126 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 722 സര്‍ക്കാര്‍ കമ്പനികളും നാല് സ്റ്റാറ്റിയൂട്ടറി കമ്പനികളും പെടുന്നു. 122 സര്‍ക്കാര്‍ കമ്പനികളില്‍ 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. പ്രവര്‍ത്തനത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 2015 സെപ്തംബര്‍വരെ 19,194.06 കോടിയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ഈ വിറ്റുവരവ് ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.25 ശതമാനത്തിന് തുല്യമാണ്. 1.28 ലക്ഷം ജീവനക്കാര്‍ക്കാണ് 2015 മാര്‍ച്ചില്‍ സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കിയിരുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനം കെഎസ്ആര്‍ടിസിയാണ്. 508.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുണ്ടാക്കിയ നഷ്ടം. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനാണ് തൊട്ടുപിന്നില്‍- 127.95 കോടി രൂപ. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 89.11 കോടിയുടെ നഷ്ടമുണ്ടാക്കി. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് 22.60 കോടിയുടെയും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് 24.90 കോടിയുടെയും സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് 10.12 കോടിയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭമുണ്ടാക്കിയതില്‍ മുന്‍പന്തിയില്‍ കെഎസ്ഇബിയാണ്. 140.42 കോടി രൂപയാണ് ലാഭം. ബിവറേജസ് കോര്‍പ്പറേഷന്‍ 123.54 കോടി ലാഭമുണ്ടാക്കിയപ്പോള്‍ കെഎസ്എഫ്ഇ 69.90 കോടിയുടെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ 30.49 കോടിയുടെയും ലാഭമുണ്ടാക്കി. ലാഭമുണ്ടാക്കിയ 50 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20 എണ്ണം 28.57 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു. 2015 മാര്‍ച്ച് 31 ല്‍ 110.31 കോടി നിക്ഷേപമുള്ള 15 പ്രവര്‍ത്തന രഹിതമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അടിയന്തര തീരുമാനം വേണമെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. മറ്റുള്ളവ അടച്ചുപൂട്ടുന്നതിനോ പുനഃരുദ്ധരിക്കുന്നതിനോ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമങ്ങളിലെയും കരാറുകളിലെയും ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥകളും പാലിക്കാത്തതുമൂലം 106.34 കോടിയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാത്തതു കാരണമുണ്ടായ അധികചെലവുകള്‍ 28.03 കോടി രൂപയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.