കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടം ആലക്കോട് ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്നു

Wednesday 29 June 2016 12:33 am IST

കണ്ണൂര്‍: കനത്ത മഴ. ജില്ലയില്‍ വ്യാപക നാശനഷ്ടം. മഴയോടൊപ്പമുണ്ടായ കാറ്റില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. ജില്ലയില്‍ 84 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതില്‍ 17 വീതം കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ്. ആലക്കോട് പഞ്ചായത്തിലെ ഫര്‍ലോങ്ങ് കരയില്‍ കഴിഞ്ഞദിവസമുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും റോഡുകളും നശിച്ചിട്ടുണ്ട്. ആലക്കോട് പഞ്ചായത്തിലെ വൈതല്‍കുണ്ടിലും ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഫര്‍ലോങ്ങ് കരയിലെ നടുവിലേടത്ത് കൃഷ്ണന്‍കുട്ടി(80), ഭാര്യ രാജമ്മ(65) എന്നിവര്‍ ഉരുള്‍പൊട്ടലില്‍ മണ്ണ് വീണ് വീടിനകത്ത് കുടുങ്ങി. നാട്ടുകാര്‍ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നടുവിലേത്ത് പ്രിയ, മക്കളായ മീര, മിഥുന്‍ എന്നിവര്‍ അപകടസമയത്ത് വീട്ടിലില്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീട് പൂര്‍ണമായും മണ്ണ് മൂടിയ അവസ്ഥയിലാണ്. ഇന്നലെ രാവിലെ പത്തരമണിയോടെയാണ് ഫര്‍ലോങ്ങ്കര, വൈതല്‍കുണ്ട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കാര മരംതട്ടിന് സമീപം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പഴയ എസ്റ്റേറ്റിന് സമീപത്തെ കൃഷിയിടത്തിലുള്‍പ്പെടെ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. കുഴിപാറക്കല്‍ ജോയിയുടെ പറമ്പില്‍ മൂന്നിടത്തായി ഉരുള്‍പൊട്ടലുണ്ടായി. വൈതല്‍കുണ്ടിലെ ചീരക്കുടി സാലുവിന്റെ വീട്ടിന് മുകളിലേക്ക് ഒന്നരയാള്‍ പൊക്കത്തില്‍ മണ്ണിടിഞ്ഞ് വീണു. കാപ്പിമല റിവേഴ്‌സ് കാരമരംതട്ട് റോഡിനെ ബന്ധിപ്പിച്ച് വൈതല്‍കുണ്ടില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയി. വൈതല്‍കുണ്ടിലെ ഊരാലിച്ചാലില്‍ സനലിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കാപ്പിമല-വൈതല്‍ക്കുണ്ട് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം നിലക്കാത്ത മഴയാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. ഉരുള്‍പൊട്ടല്‍മൂലം ഫര്‍ലോങ്ങ് കര ആദിവാസി കോളനി നിവാസികള്‍ ഭീതിയിലാണ് കഴിയുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ നിറഞ്ഞ് ഒരു പ്രദേശം മുഴുവന്‍ മൂടിയ നിലയിലാണ് ഉള്ളത്. റോഡ് പൂര്‍ണമായും ഒലിച്ചുപോയിരിക്കുന്നതിനാല്‍ ഫര്‍ലോങ്ങ് കര കോളനി ഒറ്റപ്പെട്ടിരിക്കുകയാണ്. ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. സംഭവസ്ഥലം ബിജെപി നേതാക്കളായ കെ.എസ്.തുളസീധരന്‍, പി.കെ.പ്രകാശ്, പി.കെ.ശ്രീകുമാര്‍, സി.ജി.ഗോപന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടുവരുന്നത്. മലയോരത്ത് കനത്ത മഴയെ തുടര്‍ന്ന് കര്‍ണ്ണാടക ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി. വയത്തൂര്‍, വട്ട്യാംതോട് പുഴകള്‍ കരകവിഞ്ഞൊഴുകി ഇന്നലെ ഉച്ചയോടെയാണ് കര്‍ണ്ണാടക ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയത്. മാട്ടറ ചപ്പാത്ത്, വട്ട്യാംതോട്, വയത്തൂര്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വയത്തൂര്‍ -മണിപ്പാറ, വട്ട്യാംതോട്- മണിക്കടവ്, മാട്ടറ- മണിക്കടവ് ഭാഗത്തേക്ക് വാഹന ഗതാഗതം തടസപ്പെട്ടു. പൊയ്യൂര്‍ക്കരി കോക്കാട് 'ഭാഗങ്ങളില്‍ വെള്ളം കയറി, പൊയ്യൂര്‍ക്കരി പാടശേഖരത്തില്‍ വെള്ള കറിയതിനെ തുടര്‍ന്ന് ഏക്കറ് കണക്കിന് നെല്‍ കൃഷിയാണ് വെള്ളത്തിനടിയിലായത്. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിലെ കൃഷി വ്യാപകമായി നശിച്ചിരിക്കുകയാണ് പുഴയുടെ ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി. രാത്രിയും മലയോരത്ത് കനത്ത മഴ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.