ജില്ലയില്‍ മൂന്ന് ഡിഫ്തീരിയ ബാധിതര്‍ കൂടി

Wednesday 29 June 2016 1:06 pm IST

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ ആണെന്ന് സംശയിക്കുന്ന മൂന്ന് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് അറിയിച്ചു. ഇരിമ്പിളിയം, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളിലാണ് പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത മൂന്ന് കുട്ടികളില്‍ ഡിഫ്തീരിയ ബാധയുള്ളതായി സംശയിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ എട്ടായി. അഡ്മിറ്റായിരുന്ന ചീക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഇന്നലെ ഡിസ്ചാര്‍ജായി. ഡിഫ്തീരിയ ചികിത്സയ്ക്കുള്ള 50 വയല്‍ മരുന്ന് ഡല്‍ഹിയില്‍ നിന്ന് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തും. 500 വയല്‍ മരുന്നാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ കുത്തിവയ്പ് ഊര്‍ജിതപ്പെടുത്തല്‍ കാമ്പയിന്റെ ജില്ലയിലെ 30 കേന്ദ്രങ്ങളിലായി 1323 കുട്ടികള്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കി. 26 കേന്ദ്രങ്ങളിലായി 1490 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം കുത്തിവയ്പ് നല്‍കിയിരുന്നു. പഞ്ചായത്ത്- നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് വരെ കാമ്പയിന്‍ തുടരും. രോഗം പടര്‍ന്നിട്ടും പ്രതിരോധ കുത്തിവെപ്പുകളോട് ഒരു വിഭാഗം അകലം പാലിച്ചത് ആരോഗ്യവകുപ്പിന് തലവേദനയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.