മൈലത്ത് ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശം: മൂന്ന് വീടുകള്‍ തകര്‍ന്നു

Wednesday 29 June 2016 3:09 pm IST

കൊട്ടാരക്കര: മൈലം ആക്കവിളയില്‍ വീശിയടിച്ച ചുഴലികാറ്റില്‍ വ്യാപക കൃഷിനാശം. മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. റബ്ബര്‍മരങ്ങളും തേക്കുകള്‍ ഉള്‍പ്പടെയുള്ള വന്‍മരങ്ങളും കടപുഴകി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകറാറിലായി. ഇതോടെ വൈദ്യുതി വിതരണവും നിലച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് വലിയ ശബ്ദത്തോടെ കാറ്റ് ആഞ്ഞുവീശിയത്. സ്‌നേഹ'ഭവനില്‍ ശ്രീലേഖ, വാറൂരഴിയത്ത് ഓമന, കൊല്ലന്റയ്യത്തു താഴേതില്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് വീട് തകര്‍ന്നു. ചാന്നാശ്ശേരില്‍ വീട്ടില്‍ മോഹനന്‍, ആര്‍ എസ്.ഭവനില്‍ സ്വാതി, ചന്ദ്രവിലാസം പുത്തന്‍വീട്ടില്‍ അനിലകുമാരി, ആര്‍.എസ്.ഭവനില്‍ ശോഭനാകുമാരി, ഗിരിജാസദനത്തില്‍ ഭാരതിയമ്മ, ജയസദനത്തില്‍ വിജയകുമാര്‍, ചരുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍, കൊല്ലന്റഴികത്തു വീട്ടില്‍ പ്രസാദ്, ഉഷാസദനത്തില്‍ ശ്രീകുമാര്‍ എന്നിവരുടെ റബ്ബറും മറ്റു കാര്‍ഷികവിളകളും നശിച്ചു. ചീനി, വാഴ എന്നിവ പൂര്‍ണമായും നിലംപതിച്ചു. മരച്ചില്ലകളും മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും ഉള്‍പ്പടെ പറന്നുപോയതായും ഇരമ്പലോടെയാണ് കാറ്റെത്തിയതെന്നും ഇവിടുത്തുകാര്‍ വിവരിച്ചു. പലരും ഭയന്ന് പുറത്തിറങ്ങി. വീടുകളുടെ മേല്‍ക്കൂരയിലെ ഷീറ്റുകളും ഓടും കാറ്റത്ത് പറന്നുപോയി. വലിയ തേക്കുമരങ്ങലും റബ്ബര്‍, പ്ലാവ് മരങ്ങളും ഒടിഞ്ഞു വീഴുകയും കടപുഴകുകയും ചെയ്തു. നെല്ലികുന്നം,പെരുംകുളം എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശി വിളകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.തഹസില്‍ദാരും റവന്യൂ ഉദ്യോഗസ്ഥരും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.