മത്സ്യബന്ധന മേഖലയുടെ രക്ഷയ്ക്ക്

Wednesday 29 June 2016 7:43 pm IST

മത്സ്യമേഖലയും മത്സ്യത്തൊഴിലാളികളും ഒരു ദേശീയ നയം'” എന്നപേരില്‍ ബിജെപി അദ്ധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്ക്കരിയുടെ നേതൃത്വത്തില്‍ സമഗ്രമായ ഒരു നയരേഖ പ്രസിദ്ധീകരിച്ചത് ബിജെപി അധികാരത്തില്‍ വരുന്നതിന് വളരെ മുമ്പാണ്. ആഴക്കടല്‍ മത്സ്യസമ്പത്ത് സംരക്ഷിച്ചുകൊണ്ട് അവയെ പ്രയോജനപ്പെടുത്തണം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കണം. വിദേശകപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളി സംഘടനകളും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് സമഗ്രമായ മത്സ്യബന്ധന നയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത് പാസ്സാക്കണം തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ 61 പേജുള്ളതായിരുന്നു പ്രസ്തുത നയരേഖ. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ മത്സ്യബന്ധന നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. നമ്മുടെ രാജ്യത്ത് ഹരിത വിപ്ലവവും ധവള വിപ്ലവവും വിജയകരമാക്കിയതുപോലെ ഇനി ഒരു നീലവിപ്ലവമാണ് നടക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് പ്രസ്താവിക്കുകയും ചെയ്തു. 2013 ആഗസ്ത് ഒന്നിനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മത്സ്യബന്ധന നയരൂപീകരണത്തിന് ഡോ. മീനാകുമാരി അദ്ധ്യക്ഷയായ കമ്മീഷനെ നിയമിച്ചത്. മത്സ്യത്തൊഴിലാളി സംഘടനകളെയോ തീരദേശ സംസ്ഥാനങ്ങളെയോ പങ്കെടുപ്പിക്കാതെ സ്ഥാപിത താല്‍പര്യക്കാരുമായി മൂന്നോ നാലോ കൂടിക്കാഴ്ചകള്‍ മാത്രം നടത്തി അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ നയമനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ തയ്യാറാക്കിയത്. 2014 ആഗസ്ത് 20ന് പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ രാജ്യത്ത് ഭരണമാറ്റം സംഭവിച്ചിരുന്നു. നടപടിക്രമപ്രകാരം സ്വീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ ഏറെ പഴികള്‍ കേള്‍ക്കേണ്ടിവന്നത് പുതിയ സര്‍ക്കാരിനാണ്. ഡോ. മീനാകുമാരിയെ കമ്മീഷനായി നിയോഗിച്ചവര്‍, റിപ്പോര്‍ട്ട് ഉണ്ടാക്കുവാന്‍ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ചവര്‍, ഇവരൊക്കെതന്നെയാണ് പുതിയ സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തി അരങ്ങുതകര്‍ത്താടിയത്. പ്രക്ഷോഭങ്ങളെല്ലാം ഇങ്ങ് കേരളത്തില്‍ മാത്രം ആയിരുന്നു. ഇടതും വലതും ഉള്ളവരും, ഈര്‍ക്കില്‍ സംഘനകള്‍പോലും സംസ്ഥാനത്ത് തലങ്ങും വിലങ്ങും ജാഥ സംഘടിപ്പിച്ച് മീനാകുമാരി റിപ്പോര്‍ട്ട് ബിജെപി സര്‍ക്കാരിന്റെ തലയില്‍കെട്ടിവെക്കാന്‍ നടത്തിയ പരിശ്രമം ചില്ലറയല്ല. കേരളത്തിലെ എംപിമാര്‍ പാര്‍ട്ടി മറന്ന് ഒന്നിച്ചുനിന്ന് പാര്‍ലമെന്റില്‍ ബഹളംവെക്കാനും തയ്യാറായി. എന്നാല്‍ എംപിമാരുടെയും തീരദേശ സംസ്ഥാനങ്ങളുടെയും പ്രത്യേകയോഗം വിളിച്ചുചേര്‍ത്ത കേന്ദ്ര കൃഷികാര്യ മന്ത്രി ഡോ. രാധാമോഹന്‍ സിങ് ഈ റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിന്റെ നയമല്ലെന്ന് പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് സമഗ്രമായ ഒരു ഫിഷറീസ് നയം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനെത്തുടര്‍ന്നാണ് ഐഎസിഎആര്‍ ഡയറക്ടര്‍ ജനറലായ ഡോ. എസ്. അയ്യപ്പന്‍ ചെയര്‍മാനും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിഎംഎഫ്ആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍ (സിഐഎഫ്ഇ), ഡിപ്പാര്‍ട്ടമെന്റ് ഓഫ് ആനിമല്‍ ഹസ്ബന്ററി -ഡയറി ആന്റ് ഫിഷറീസ് (ഡിഎഎച്ച്ഡി ആന്റ്എഫ്), ബേ ഓഫ് ബംഗാള്‍ പ്രൊജക്ട് (ബിഒബിപി), ഫിഷറീസ് സര്‍വ്വെ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) മുതലായ സ്ഥാപന പ്രതിനിധികളുമടങ്ങിയ പുതിയ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മീഷന്‍ തീരദേശ സംസ്ഥാനങ്ങളോടും ബന്ധപ്പെട്ടവരോടും ദേശീയ സമുദ്രമത്സ്യബന്ധനനയം രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മൂന്ന് മേഖലയില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ യോഗം സംഘടിപ്പിച്ച് അഭിപ്രായം രൂപീകരണം നടത്തുകയുണ്ടായി. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിഎംഎഫ്ആര്‍ഐ) സമാനരീതിയില്‍ ചര്‍ച്ച സംഘടിപ്പിച്ച് അഭിപ്രായം തേടുകയുണ്ടായി. എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ ഒരു നയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാവുകയാണ്. ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും വിധേയമാക്കി “ദേശീയ സമുദ്രമത്സ്യബന്ധന നയം 2016 പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുമെന്ന് മത്സ്യമേഖല പ്രതീക്ഷിക്കുകയാണ്. മത്സ്യബന്ധന പരിപാലനം, നീരീക്ഷണ - നിയന്ത്രണ സംവിധാനം, സമുദ്ര മത്സ്യകൃഷി, മത്സ്യ വിപണനം, സമുദ്രാന്തരീക്ഷം-കാലാവസ്ഥാ വ്യതിയാനം- മലിനീകരണം, മത്സ്യസംസ്‌കരണം, മത്സ്യത്തൊഴിലാളി ക്ഷേമം, പ്രാദേശിക സഹകരണം, അന്താരാഷ്ട്ര കരാറുകളും ക്രമീകരണങ്ങളും, ഭരണ നിര്‍വ്വഹണ സ്ഥാപനസംബന്ധിയായ കാര്യങ്ങള്‍ എന്നിവയിലൂന്നിയ വളരെ വിശദമായ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളുമാണ് ഈ നയരൂപരേഖ വിശദമാക്കുന്നത്. മത്സ്യമേഖലയുടെ പരിപാലനത്തിനായി സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമാക്കുന്നത് രാജ്യത്തിന്റെ തീരദേശ വിഭവങ്ങളും, മറ്റു ജലവിഭവങ്ങളുമുള്‍ക്കൊള്ളുന്ന മത്സ്യസമ്പത്തിന്റെ സന്തുലിത വിനിയോഗത്തിലൂടെ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവസാന്ധാരണ പുരോഗതിക്കായിനീലവിപ്ലവം കൊണ്ടുവരികയെന്നതാണ്. 2012ല്‍ മെക്‌സിക്കോയിലെ റിയോഡിജനറോ നഗരത്തില്‍ നടന്ന റയോ + 20 സമ്മേളനത്തിലുയര്‍ന്ന ശബ്ദമാണ് - (ബുള്‍ ഗ്രോത്ത് ഇനീഷ്യേറ്റീവ്). ഈ നയരേഖ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് നിലവിലുള്ള മത്സ്യോല്‍പ്പാദനം നിലനിര്‍ത്താനും സുസ്ഥിരതയും തുല്യതയും തത്വമാക്കി സന്തുലിത ഉല്‍പ്പാദനം സാധ്യമാക്കുക എന്നതിലാണ്. സമുദ്ര മത്സ്യമേഖലയിലെ ചെറുകിട മത്സ്യപരിപാലനംകൂടി ലക്ഷ്യമിടുന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യബന്ധനത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പ് വരുത്തുന്നത് പരമ്പരാഗത അറിവുകള്‍, കച്ചവട തന്ത്രങ്ങള്‍, വ്യവസായ അനുബന്ധ ഗുണഭോക്താക്കള്‍ എന്നിവയെ ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ടാകണം എന്ന് നിര്‍ദ്ദേശിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കിയ എല്‍ഒപി സ്‌കീം (കപ്പലുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് പെര്‍മിറ്റ് നല്‍കുന്ന സമ്പ്രദായം) ഉദ്ദേശിച്ച ഫലം ചെയ്യാത്തതിനാല്‍ ഈ മേഖലയില്‍ ഫലപ്രദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ ബന്ധപ്പെട്ടവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം കൂട്ടാനും, യാനങ്ങളുടെ നവീകരണവും തദ്ദേശീയ യാനങ്ങളുടെ നിര്‍മ്മിതിക്കും ഉള്‍പ്പെടെയുള്ള പദ്ധതി ആവിഷ്‌കരിക്കും എന്നും നിര്‍ദ്ദേശിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുസ്ഥിരതക്ക് നിലവിലുള്ള സഹായങ്ങള്‍ തുടര്‍ന്നുകൊണ്ടും അവരുമായി കൂടിയാലോചിച്ച് അനുവദനീയമായ സമുദ്രവിസ്തൃതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള സാദ്ധ്യതകള്‍കൂടി പരിഗണിക്കപ്പെടുന്നു. ഭാരതത്തിലെ യാനങ്ങള്‍ക്ക് മത്സ്യവിഭവ വിനിയോഗം നടത്താന്‍ അനുസൃതമായ പ്രോത്സാഹനം നല്‍കുന്നതുമാണ് മത്സ്യബന്ധന പരിപാലനം. സമുദ്രമത്സ്യമേഖലയില്‍ ഉള്‍പ്പെട്ട നിലവിലുള്ള നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും രജിസ്‌ട്രേഷനും ലൈസന്‍സിനും ഓണ്‍ലൈനായി ഏകീകരണ സംവിധാനം, പരമ്പരാഗത മാര്‍ഗ്ഗങ്ങളായ ലോഗ്ബുക്ക് ഉപയോഗം, മൂവ്‌മെന്റ് ടോക്കണുകള്‍, യാനങ്ങളുടെ കളര്‍കോഡിങ്, ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍, പുതിയ വിവര-ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ വെസല്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഐഡന്റിറ്റിഫിക്കേഷന്‍ സിസ്റ്റം തുടങ്ങിയവയിലൂടെ നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ നപടപടി സ്വീകരിക്കും. സമുദ്രമത്സ്യകൃഷി രാജ്യത്തിന്റെ മത്സ്യോല്‍പ്പാദനത്തെ പരമാവധി ഉയര്‍ത്താനുള്ള മാര്‍ഗ്ഗമാണ്. സമുദ്ര വിളനിലങ്ങള്‍, പൊതുവിഹാര സ്ഥലങ്ങള്‍, ഹാച്ചറികളും മറ്റും സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ സംഭരിച്ചുകൊടുക്കാനുള്ള പദ്ധതികള്‍ക്ക് പ്രോത്സാഹനം, സമുദ്രവിഭവ വ്യവസായത്തിനും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ സമുദ്രവിഭവങ്ങളുടെ ഉല്‍പ്പനങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിപണനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കും. മത്സ്യസമ്പത്തിന്റെ പോഷണത്തിന് സമുദ്രമലിനീകരണം തടയേണ്ടതുണ്ട്. ഫാക്ടറി മാലിന്യങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശനമായ നടപടികള്‍ വേണം. തുറമുഖങ്ങളടക്കമുള്ള അനിയന്ത്രിതമായ നിര്‍മ്മാണങ്ങള്‍ മണ്ണൊലിപ്പിലും മണ്ണ് അടിയലിനും കാരണമാകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിക്കും. തീരക്കടലിലെ മത്സ്യസമ്പത്ത് ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ചാണ്. ഇവിടങ്ങളിലെ മലിനീകരണം പലമത്സ്യങ്ങളുടെയും പ്രത്യേകിച്ച് ചെമ്മീന്‍ വര്‍ഗ്ഗങ്ങളുടെ ശോഷണത്തിന് കാരണമാകുന്നുണ്ട്. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളും. ജലാശയങ്ങളുടെയും ദുര്‍ബല ആവാസ വ്യവസ്ഥയുള്ള തീരദേശ മേഖലകളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാവശ്യമായ ശ്രദ്ധയുണ്ടാകും. പാരിസ്ഥിതിക സന്തുലനത്തിന് ഊന്നല്‍ നല്‍കി ഉന്മൂലനം നേരിടുന്ന സമുദ്രജീവികളുടെ സംരക്ഷണം ഉറപ്പാക്കും. കാലാവസ്ഥാ വ്യതിയാനംമൂലം ചിലയിനം മത്സ്യങ്ങളുടെ ലഭ്യതക്കുറവ് ബോധ്യമായിട്ടുണ്ട്. ചില ഇനങ്ങള്‍ തീരെ ഇല്ലാതായിട്ടുമുണ്ട്. ഇതിനായി കേന്ദ്രീകൃത പഠനം നടത്തി നടപടികള്‍ സ്വീകരിക്കും. നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. സമുദ്രാന്തരീക്ഷം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് വിപുലമായ നടപടിക്രമങ്ങള്‍ നയരേഖ വ്യക്തമാക്കുന്നു. മത്സ്യബന്ധന കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും രാജ്യാന്തര നിലവാരമനുസരിച്ച് വൃത്തിയും ശുചിത്വവും പാലിച്ചുപോകേണ്ടതാണ്. ഇതിനാവശ്യമായ ബോധവല്‍ക്കരണവും നടപടികളും ഉണ്ടാകും. മത്സ്യബന്ധനാനന്തര നഷ്ടം ഒഴിവാക്കാനായി യാനങ്ങളില്‍ തന്നെ മത്സ്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍, മൂല്യനിലവാരമുള്ള മത്സ്യങ്ങളുടെ ഗുണമേന്മയും മൂല്യവും സംരക്ഷിക്കുന്നതിന് വ്യവസ്ഥയുണ്ടാക്കി സംസ്‌കരണ രംഗം പുഷ്ടിപ്പെടുത്തും. മത്സ്യത്തൊഴിലാളി ക്ഷേമ നടപടിക്രമങ്ങള്‍ തുടരുന്നതോടൊപ്പം ആവശ്യമായ സുരക്ഷാപാക്കേജും നല്‍കാന്‍ വ്യവസ്ഥ, ഇന്‍ഷൂറന്‍സ്, വീട്, സാമുദായിക ക്ഷേമം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. മത്സ്യബന്ധനാനന്തര പ്രക്രിയകളില്‍ പകുതിയും സ്ത്രീകളാണ്. കുടുംബകാര്യങ്ങള്‍ക്ക് പുറമെ മത്സ്യകച്ചവടം, മത്സ്യം ഉണക്കല്‍, മറ്റു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍, സ്ത്രീകള്‍ക്കുള്ള സഹകരണ സംഘങ്ങള്‍, ധനസഹായ സംരംഭങ്ങള്‍, സുരക്ഷ, വൃത്തിയുള്ള ജോലി സ്ഥലങ്ങള്‍, ചെറുകിട മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങിയ സ്ത്രീശാക്തീകരണം, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെ മത്സ്യബന്ധനം, വാണിജ്യം, മറ്റു കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കി മെച്ചപ്പെടുത്തല്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സാങ്കേതിക തികവുള്ള പരിശീലനം നല്‍കാന്‍ നടപടി തുടങ്ങി മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പ് വരുത്താന്‍ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ നയരേഖയിലുണ്ട്. ഭാരതത്തിനും ശ്രീലങ്കക്കും ഇടയില്‍ ഗള്‍ഫ് ഓഫ് മന്നാര്‍, പാക് കടലിടുക്ക്, ബംഗ്ലാദേശിനും ഭാരതത്തിനുമിടയില്‍ സുന്ദര്‍ ബന്‍സ്, മാലെദ്വീപ്, മ്യാന്‍മര്‍, തായ്‌ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയവയുമായി നാം സമുദ്രാതിര്‍ത്തി പങ്കിടുന്നുണ്ട്. സമുദ്രത്തിലെ ആവാസ വ്യവസ്ഥയും, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ധാരാളമായി കാണുന്ന ട്യൂണ വര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ നടപടി എടുത്തുകൊണ്ട് പ്രാദേശിക സഹകരണം ശക്തമാക്കും. മത്സ്യത്തൊഴിലാളികള്‍ മത്സ്യവിപണന സംസ്‌കരണത്തിലേര്‍പ്പെട്ടവര്‍, മത്സ്യബന്ധനത്തിന്റെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവരുടെയെല്ലാം സംരക്ഷണം ഉദ്ദേശിച്ചിട്ടുള്ളതാണ് അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും. ഐക്യരാഷ്ട്ര സംഘടനയുടെ ഉടമ്പടികളും നിബന്ധനകളും എല്ലാം സംയോജിപ്പിച്ച് നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. തുടരും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.