പുനരധിവാസംകാത്ത് ചെട്ടിയാലത്തൂര്‍ നിവാസികള്‍

Wednesday 29 June 2016 8:45 pm IST

കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേന്ദ്ര സഹായത്തോടെയുള്ള സ്വയംസന്നദ്ധ പുനരധിവാസം വേഗത്തിലാക്കണമെന്ന് ചെട്ടിയാലത്തൂര്‍ ഗ്രാമ വാസികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഭീമ ഹര്‍ജി വയനാട് ജില്ലാ കലക്ടര്‍ക്ക് ഇവര്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് തയ്യാറാക്കിയതും കേന്ദ്രവനം-പരിസ്ഥിതി വകുപ്പ് അംഗീകരിച്ചതുമായ പദ്ധതി പ്രകാരം 14 വനഗ്രാമങ്ങളിലെ 800 കുടുംബങ്ങളെയാണ് ഒന്നാംഘട്ടത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ടിവന്നത്. 2011ല്‍ ആരംഭിച്ച പദ്ധതിക്ക് 80 കോടി രൂപ വേണം. അഞ്ച് ഗ്രാമങ്ങളിലെ 200 ഓളം കുടുംബങ്ങളെ മാറ്റുന്നതിന് പതിനേഴര കോടി മാത്രമാണ് അനുവദിച്ചത്. വയനാട് വന്യജീവി കേന്ദ്രം കര്‍ണാടകയിലെ ബന്ദിപൂര്‍, തമിഴ് നാട്ടിലെ മുതുമല കടുവാ സംരക്ഷണകേന്ദ്രം എന്നിവയോട് ചേര്‍ന്നാണ് ചെട്ടിയാലത്തൂര്‍ ഗ്രാമം. ഇവിടെ വൈദ്യുതിയോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഇല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കിലോമീറ്റര്‍ താണ്ടി ബത്തേരിയിലെത്തണം. രണ്ട് കിലോമീറ്റര്‍ ദൂരം നിബിഢ വനമാണ്. ഇവിടെക്കുള്ള രണ്ട് വഴികളിലും കടുവ ഓരോരുത്തരെ കൊന്നുതിന്നിരുന്നു. കാട്ടാനകളും കാട്ടുപോത്തുകളും രാപാകല്‍ ഭേദമില്ലാതെ നാട്ടിലെത്തുന്നു. വന്യജീവിശല്യം മൂലം നെല്‍വയലുകള്‍ തരിശ്ശായി. വനവാസികുട്ടികള്‍ പഠനം ഉപേക്ഷിച്ചിരിക്കുന്നു. പ്രായമായ പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കാന്‍ വരന്മാര്‍ തയ്യാറാകാത്തതിനാല്‍ അതും നടക്കാറില്ല. 102 വീടുകളിലായി 184 യോഗ്യതാകുടുംബങ്ങളാണ് താമസം. 165 ഏക്കറോളം ഭൂമി ഇവര്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമമനുസരിച്ച് പുനഗധിവാസം നടപ്പാക്കേണ്ടത് ഇനി ചെട്ടിയാലത്തൂരാണ്. ഇതുസംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇവര്‍ നിവേദ്ദനം നല്‍കിയിട്ടുണ്ട്. വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമസമിതി പ്രസിഡണ്ട് ടി.വി.ശ്രീധരന്‍, സി.ബാലന്‍, എ.കെ.ശശി, വി.ശിവദാസന്‍, സി.പി.പ്രദീപ്, കെ.വി.കൃഷ്ണദാസ്, കെ.വിജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.