മുഹമ്മയില്‍ വന്‍ പാന്‍മസാല വേട്ട; നാലുപേര്‍ അറസ്റ്റില്‍

Wednesday 29 June 2016 9:13 pm IST

മുഹമ്മ: സ്‌കൂളിനു സമീപം വില്‍പ്പനയ്ക്ക് എത്തിച്ച പാന്‍മസാലയുടെ വന്‍ ശേഖരം പോലീസ് പിടിച്ചെടുത്തു. 1,500 പായ്ക്കറ്റിലധികം വരുന്ന പാന്‍ മസാലയാണ് മുഹമ്മ പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍പറമ്പില്‍ സുനില്‍ (48), എട്ടാം വാര്‍ഡ് കന്നിട്ടയ്ക്കല്‍ സന്ദേശ് (37), ആലപ്പുഴ തുമ്പോളി പടിഞ്ഞാറെ കാട്ടുങ്കല്‍ ദേവാനന്ദന്‍ (46), തിരുവമ്പാടി കൊമ്പത്താംപറമ്പ് പ്രകാശന്‍ (50) എന്നിവരാണ് പിടിയിലായത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് പാന്‍മസാല എത്തിക്കുന്ന മുഖ്യകണ്ണി ആലപ്പുഴ കുതിരപ്പത്തി ഭരണിക്കാരന്‍ പുരയിടത്തില്‍ ഷാഹുല്‍ ഹമീദ് ഒളിവിലാണ്. മുഹമ്മ ആര്യക്കര സ്‌കൂളിനു മുന്നില്‍ പാന്‍മസാല വില്‍പ്പന നടത്തിവന്ന സുനിലിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പാന്‍മസാല കണ്ടെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലായത്. 65 പായ്ക്കറ്റ് പാന്‍മസാല ഇവിടെ നിന്നും പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ഇവിടേയ്ക്ക്് വിളിച്ചു വരുത്തുകയായിരുന്നു. പലചരക്ക് സാധനങ്ങള്‍ക്കൊപ്പമാണ് ഇവര്‍ പാന്‍മസാലയും എത്തിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ 1,500 പായ്ക്കറ്റ് പാന്‍മസാല വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.