നടപ്പാത നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് പൊളിച്ചിട്ട് ആറ് മാസം

Wednesday 29 June 2016 9:14 pm IST

കട്ടപ്പന : റ്റി ബി ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ ഒരുവശം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ട് 6 മാസമായി.  ഈ ഭാഗത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. റോഡ് നിരപ്പില്‍ നിന്നും ഒരടിയോളം മണ്ണ് താഴ്ത്തി കുഴിച്ചെടുത്തിരിക്കുന്നതുകാരണം വാഹനങ്ങള്‍ക്ക് സമീപത്തെ കെട്ടിടങ്ങളുടെ കോമ്പൗണ്ടിലേയ്ക്ക് പ്രവേശിക്കുവാനോ, പാര്‍ക്ക് ചെയ്യുവാനോ, കഴിയുന്നില്ല.  മണ്ണ് മാന്തി പൊളിച്ചതിനിടയില്‍ ജലഅതോറിറ്റിയുടെ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും മുറിഞ്ഞുപോയതിനാല്‍ അവ നന്നാക്കുന്നതിന് വരുന്ന കാലതാമസമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താമസിക്കുന്നതിന് കാരണമായി മുനിസിപ്പാലിറ്റിയും പൊതുമരാമത്ത് വകുപ്പും പറയുന്നത്. എന്നാല്‍ ടെലിഫോണ്‍ കേബിളിന്റെയും ജല അതോറിറ്റിയുടെയും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മഴക്കാലമായതോടെ ചെളിയും വെള്ളവും ഒഴുകിയെത്തുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമായിരിക്കുകയാണ്. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഇതിലെയാണ് യാത്രചെയ്യുന്നത്.  റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.അധികൃതരുടെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.