ഗുംനാമി ബാബ നേതാജിയോ? ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിയ്ക്കും

Wednesday 29 June 2016 9:18 pm IST

ലഖ്‌നൗ: ഫൈസാബാദില്‍ താമസിച്ചിരുന്ന ഗുംനാമി ബാബയെന്ന അജ്ഞാതസംന്യാസി നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നുവോ എന്നന്വേഷിയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണിത്. ജസ്റ്റീസ് (റിട്ട) വിഷ്ണു ഷായിയെ കമ്മീഷനായി നിയമിച്ച് വിജ്ഞാപനമിറങ്ങി. ഫൈസാബാദില്‍ 1985 വരെ താമസിച്ചിരുന്ന അജ്ഞാത സംന്യാസിയാണ് ഗുംനാമി ബാബ. ഇദ്ദേഹം സുഭാഷ് ചന്ദ്രബോസാണെന്ന് നിരവധിപേര്‍ വിശ്വസിച്ചിരുന്നു. ഗുംനാമി ബാബ അസാധാരണനായ ഒരു വ്യക്തിയായിരുന്നുവെന്നും ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ സത്യം കണ്ടെത്തുവാനുമായി ഒരു പാനലിനെ നിയമിക്കണമെന്നും 2013ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അയോധ്യയിലും ഫൈസാബാദിലുമായി പത്ത് വര്‍ഷം ബാബ താമസിച്ചിരുന്നു. ഇദ്ദേഹം നേതാജി തന്നെയാണെന്നാണ് ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. 1985ല്‍ ബാബയുടെ മരണത്തിന് ശേഷം നേതാജിയുടെ അനന്തരവള്‍ ലളിതാ ബോസും ഫൈസാബാദ് ആസ്ഥാനമായുള്ള സുഭാഷ് ചന്ദ്രബോസ് വിചാര്‍ മഞ്ചും സത്യമെന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. മൂന്ന്മാസത്തിനുള്ളില്‍ ഒരു മെമ്മോറിയല്‍ നിര്‍മ്മിക്കണമെന്നും ബാബയുടെ വീട്ടിലെ സാധനങ്ങള്‍ ഇതില്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും ഉത്തരവുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന ഓഫീസ് ലഖ്‌നൗവിലും ക്യാമ്പ് ഓഫീസ് ഫൈസാബാദിലുമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.