സാമ്പത്തിക പ്രതിസന്ധി: ധവളപത്രം ഇന്ന്

Thursday 30 June 2016 9:12 am IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കിയുള്ള ധവളപത്രം ഇന്ന് ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക് നിയമസഭയില്‍ വയ്ക്കും. ഇതിനുള്ള അംഗീകാരം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തില്‍ ധനസ്ഥിതി തകര്‍ച്ചയിലായി എന്നു വ്യക്തമാക്കുന്ന ധവളപത്രമാണ് തോമസ് ഐസക്ക് സഭയില്‍ വയ്ക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 7,86,73,024 കോടി രൂപയായിരുന്നു. 2016 മാര്‍ച്ച് 31ന് ഇത് 1,55,389.33 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ 97.51% വര്‍ദ്ധനവ് വന്നിരുന്നു. റവന്യൂകമ്മി ഇപ്പോഴത്തെ സ്ഥിതിയില്‍ 27000 കോടിയായി മാറുമെന്നും പരമാവധി 20,000 കോടിവരെ വായ്പയെടുക്കാനാവൂവെന്ന സ്ഥിതിവിശേഷം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ധവളപത്രത്തിലൂടെ വ്യക്തമാക്കും. റവന്യൂ കുടിശിക ഇനത്തില്‍ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 7,695 കോടിരൂപ തര്‍ക്കത്തിലാണ്. എ.കെ. ആന്റണി സര്‍ക്കാര്‍ ചെലവ് കുറച്ചപ്പോള്‍, തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നാണ് ഐസക്ക് വാദിക്കുക. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കടം ഇരട്ടിയായപ്പോള്‍ അത് റോഡുകള്‍, പാലങ്ങള്‍ തുടങ്ങി ആസ്തി വികസനത്തിനായല്ല ഉപയോഗിച്ചത്. ശമ്പളം, പലിശ, പെന്‍ഷന്‍ ഒഴികെയുള്ള റവന്യൂ ചെലവില്‍ വന്‍ വര്‍ദ്ധന അഞ്ച് വര്‍ഷംകൊണ്ട് ഉണ്ടായി. റവന്യൂ ചെലവിനത്തില്‍ ഇത് 25 ശതമാനത്തില്‍ നിന്നും 30 ശതമാനമായി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ട്രഷറിയില്‍ ഓപ്പണിങ് ബാലന്‍സായി 1009.30 കോടി രൂപ മാത്രമാണുണ്ടായിരുന്നത്. കരാറുകാര്‍ക്കടക്കം അടിയന്തര ബാധ്യതയായി 5965 കോടി കൊടുക്കാനുണ്ട്. ഇതും ധവളപത്രത്തില്‍ വ്യക്തമാക്കും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും നിക്ഷേപസമാഹരണത്തിനുമുള്ള സൂചനകളും ധവളപത്രത്തിലുണ്ടാകും. കേരള വികസനമാതൃകയെ സ്ഥായിയാക്കാന്‍ ധനപരിമിതികളെ എങ്ങനെ മറികടക്കാം എന്ന പേരില്‍ ധവളപത്രം പുസ്തകവുമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.