കാവാലം തനതു കലാവേദിയുടെ പ്രജാപതി: സി.പി. നായര്‍

Wednesday 29 June 2016 10:42 pm IST

തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരത്ത് സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച കാവാലം അനുസ്മരണം മുന്‍ ചീഫ്‌സെക്രട്ടറി സി.പി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ അനില്‍ വൈദ്യമംഗലം, കാട്ടൂര്‍ നാരായണപിള്ള, പ്രൊഫ സി.ജി. രാജഗോപാല്‍,പി.ജി. ഹരിദാസ്, പി. നാരായണക്കുറുപ്പ് സമീപം

തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ തനതു കലാവേദിയുടെ പ്രജാപതിയായി എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് മുന്‍ ചീഫ്‌സെക്രട്ടറി സി.പി. നായര്‍. ഇടക്കാലത്ത് ദുര്‍ബലമായിപ്പോയ സംസ്‌കൃത നാടകശാഖയ്ക്ക് പുനര്‍ജന്മമേകിയ കാവാലം പാശ്ചാത്യ നാടകകൃത്തുക്കളെ അനുകരിക്കുകയായിരുന്നില്ല.

മറിച്ച് ഭാരതീയ നാടകപാരമ്പര്യത്തെ ഉള്‍ക്കരുത്തോടെ ആധുനികര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നൂവെന്നും സി.പി. നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സംസ്‌കൃതി ഭവനില്‍ തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച കാവാലം അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി. നായര്‍.

പ്രമുഖമായ നാലുധാരകള്‍ നിലനില്‍ക്കുമ്പോഴാണ് ജന്മസിദ്ധമായ താളബോധവുമായി ഭാരതീയ പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ കാവാലം മലയാള നാടകവേദിയുടെ അരങ്ങത്തെത്തുന്നത്. നാടന്‍കലകളും കൊയ്ത്തും മെതിയും അവയിലെ താളവും മിത്തുകളും ഉള്‍ക്കൊണ്ടിരുന്ന കാവാലത്തിനെ കുട്ടനാടും ഏറെ സ്വാധീനിച്ചിരുന്നു.

ഇവയോടൊപ്പം ചെറുപ്പകാലം മുതല്‍ക്കെയുള്ള സംസ്‌കൃതപഠനം അദ്ദേഹത്തെ വേറിട്ട കലാകാരനാക്കി. ഇവയെല്ലാം ചേര്‍ന്ന ശക്തിസ്രോതസ്സ് സാഹിത്യരചനകളെ മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങളെയും വേറിട്ടതാക്കി. ദൃശ്യാനുഭവങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്ന കാവാലം ഭാരതീയ സംസ്‌കൃത പാരമ്പര്യം പൂര്‍ണമായും ഉള്‍ക്കൊണ്ടിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ എന്നിവര്‍ തനതു നാടക പ്രസ്ഥാനത്തിന്റെ ത്രിമൂര്‍ത്തികളായിരുന്നു. പക്ഷേ അതിന്റെ ശരിയായ പ്രയോക്താവ് കാവാലം നാരായണപ്പണിക്കരായിരുന്നു എന്ന് നിസ്സംശയം പറയാമെന്ന് സി.പി. നായര്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ പാരമ്പര്യത്തിന്റെ സത്ത നമ്മുടെ ഗ്രാമീണ ജീവിതത്തിലും കാര്‍ഷികവൃത്തിയിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് കാവാലത്തിന്റെ രചനകളില്‍ കാണാമെന്ന് കവി പി. നാരായണകുറുപ്പ് പറഞ്ഞു. പാശ്ചാത്യ സൃഷ്ടിയായ ആര്യ-ദ്രാവിഡ വിഭജനം തെറ്റാണെന്ന് തന്റെ രചനകളിലൂടെയും നാടകങ്ങളിലൂടെയും കാവാലം തെളിയിച്ചു. മനുഷ്യപ്പറ്റു നിറഞ്ഞ ഉദാരമനസ്‌കനായ കാവാലം പച്ചയായ മനുഷ്യജീവിതം ധൈര്യസമേതം വരച്ചുകാട്ടി. മഹാഭാരതത്തിനും കാളിദാസനും നാടന്‍ശീലുകള്‍ക്കും ഒക്കെ അടിസ്ഥാനമായിരിക്കുന്നത് സംസ്‌കൃതപാരമ്പര്യമാണെന്ന് അദ്ദേഹം തെളിയിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ക്കും സി.വി. രാമന്‍പിള്ളയ്ക്കും ശേഷം ആ പാരമ്പര്യം പിന്തുടര്‍ന്ന കാവാലം ഉത്തുംഗ പ്രതിഭാധനന്മാര്‍ക്കും മാത്രം സാധിക്കുന്ന മഹത്കര്‍മം അനുഷ്ഠിച്ച സര്‍ഗവൈഭവത്തിനുടമയായിരുന്നു. അങ്ങനെയുള്ള ഭാവിയുടെ കവിയായിരുന്ന കാവാലത്തിന്റെ പ്രസ്ഥാനം നശിച്ചുപോകാതെ തുടര്‍ന്നുകൊണ്ടുപോകാന്‍ നമ്മളും സഹകരിക്കണമെന്ന് നാരായണകുറുപ്പ് പറഞ്ഞു.

ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ള, തപസ്യ രക്ഷാധികാരി പ്രൊഫ സി.ജി. രാജഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ അനില്‍ വൈദ്യമംഗലം ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.