യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 158 കോടി

Wednesday 29 June 2016 10:49 pm IST

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ 158,00,85,588 രൂപ പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. 2011 മെയ് 13ന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ 32,73,786 പ്രദര്‍ശന പരസ്യയിനത്തില്‍ ചെലവായിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ 19 മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 35,95,000 രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 32,62,000 രൂപ സിവില്‍ ജോലികള്‍ക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായി ചെലവഴിച്ചു. പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മോടി പിടിപ്പിക്കാനോ പണം ചെലവഴിച്ചിട്ടില്ല. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി പൊതുമരാമത്ത്്, ടൂറിസം, ശുചിത്വ മിഷന്‍, പൊതു ഭരണ വകുപ്പുകള്‍ 35,55,894 രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും ശുചിത്വ മിഷന്‍ 81,280 രൂപയും പൊതുഭരണ വകുപ്പ് 20,000 രൂപയും ചെലവഴിച്ചു. മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ച ഇനത്തില്‍ സ്ഥാപനങ്ങള്‍ ബില്ലുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ തുക നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരമമേറ്റ ശേഷം ജൂണ്‍ 21 വരെ 4,308 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്‌സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നികത്താന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും നിയമനാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 1,59,238 പേര്‍ക്ക് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ചീമേനി ഐടി പാര്‍ക്ക്, കണ്ണൂര്‍ എരമറ്റം കുറ്റൂര്‍ പഞ്ചായത്തിലെ ഐടി പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം തുടങ്ങാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.