ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം എട്ടായി

Thursday 30 June 2016 2:04 pm IST

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ ആണെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളിലാണ് പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്ത രണ്ട് കുട്ടികളില്‍ ഡിഫ്തീരിയ ബാധയുള്ളതായി സംശയിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ പത്തായി. ആരോഗ്യ വകുപ്പിന്റെ കുത്തിവെയ്പ് ഊര്‍ജിതപ്പെടുത്തല്‍ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 100 കേന്ദ്രങ്ങളിലായി 3194 കുട്ടികള്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 27,28,29 തിയതികളിലായി 6007 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. പഞ്ചായത്ത്-നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് വരെ കാമ്പയിന്‍ തുടരും. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്- നഗരസഭ തലങ്ങളില്‍ നടത്തിയ ഊര്‍ജിത കുത്തിവെപ്പ് പരിപാടി വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ജൂലൈ രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.