എ-സി റോഡരികില്‍ മാലിന്യം തള്ളുന്നു

Thursday 30 June 2016 9:24 pm IST

കുട്ടനാട്: എസി റോഡരികില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചു. റോഡരികിലും എസി കനാലിലും സമീപത്തെ പാടശേഖരങ്ങളിലുമാണ് മാലിന്യങ്ങള്‍ ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് കൂടുകളിലുമായി നിക്ഷേപിക്കുന്നത്. മഴ ശക്തമായതോടെ രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പോലീസ് രാത്രികാല പരിശോധന നടത്തുന്നുണ്ടെങ്കിലും മാലിന്യം നിക്ഷേപം തടയാന്‍ കഴിയുന്നില്ല. ആലപ്പുഴ നഗരസഭ പരിധിയിലെ പള്ളാത്തുരുത്തി ഒന്നാംപാലത്തിന് കിഴക്കുവശം, കൈനകരി ജംഗ്ഷനു കിഴക്കുവശം, രാമങ്കരി തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യ നിക്ഷേപമേറെയും. കൈനകരി ജംഗ്ഷനു കിഴക്കുവശം വലിയ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയിരിക്കുന്നത്. പാതയോടു ചേര്‍ന്ന പാടശേഖരത്തിലും മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്.ഭക്ഷണാവശിഷ്ടങ്ങള്‍, അറവുശാല മാലിന്യങ്ങള്‍, കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും പാതയോരത്തു നിക്ഷേപിക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ ചീഞ്ഞഴുകി മഴവെള്ളത്തില്‍ കലര്‍ന്നു റോഡിലേക്കെത്തുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. തടയാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ല. എ-സി റോഡിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാത്തതാണ് മാലിന്യനിക്ഷപം പതിവാകാന്‍ കാരണം. പാടശേഖരങ്ങളില്‍ വരെ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുകയാണ്. റോഡിലെ കുഴികള്‍ക്കുപുറമെ മാലിന്യനിക്ഷേപവും കൂടിയായതോടെ യാത്രക്കാരും പരിസരവാസികളും ഏറെ ബുദ്ധിമുട്ടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.