ക്രിമിനല്‍ കേസ് പ്രതി കാപ്പ പ്രകാരം അറസ്റ്റില്‍

Thursday 30 June 2016 9:38 pm IST

ഒല്ലൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ആക്ട്പ്രകാരം ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചേരി തോട്ടപ്പടി കല്ലറക്കല്‍ വീട്ടില്‍ ശരത് എന്നുവിളിക്കുന്ന ശരത്ചന്ദ്രപ്രസാദാണ് (21) അറസ്റ്റിലായത്. 2014 മുതല്‍ ഒല്ലൂര്‍, തൃശൂര്‍ വെസ്റ്റ് സ്റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2014ല്‍ നെല്ലിക്കുന്ന് പള്ളിക്കു മുന്നില്‍ കാരേക്കാട്ട് പോളിന്റെ മകന്‍ അശ്വിന്റെ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ കല്ലുകൊണ്ട് അശ്വിന്റെ തലക്ക് ഇടിച്ചും കൂട്ടുകാരനെ ആക്രമിച്ചും പരിക്കേല്‍പ്പിച്ച കേസും പുത്തൂര്‍ പൊന്നയ്യത്ത് നന്ദകുമാര്‍ മകന്‍ വിഷ്ണുവിനെ സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള മുന്‍വൈരാഗ്യത്താല്‍ അഞ്ചേരി സ്‌കൂളിന് മുന്നില്‍വച്ച് ഹെല്‍മറ്റുകൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച കേസിലും പൊന്നൂക്കര പുത്തൂര്‍ വീട്ടില്‍ ഉക്രു മകന്‍ സോജനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ്‌കൊണ്ട് ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ബിജെപിയുടെ രാഷ്ട്രീയ പ്രകടനത്തിനിടയിലേക്ക് കല്ലെറിഞ്ഞും വാളെടുത്ത് വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. പന്തുകളിക്കിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് കുരിയച്ചിറ ചിറ്റിലപ്പിള്ളി പ്രമോദിനെ ബൈക്ക് തടഞ്ഞ് ഇരുമ്പു പൈപ്പുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും പ്രമോദിന്റെ വീടുകയറി ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കിയ കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. രാഷ്ട്രീയവൈരാഗ്യം വെച്ച് കോട്ടപ്പുറം കാമത്ത് ലൈനില്‍ വാകയില്‍ വീട്ടില്‍ മിഥുനെ ഭീഷണിപ്പെടുത്തുകയും ഇത് പോലീസില്‍ പരാതിപ്പെട്ടതിന് മുഥുനേയും സുഹൃത്ത് വിവേകിനേയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഇരുവരേയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ പ്രതിയാണ്.അഞ്ചേരി മേനാച്ചേരി വീട്ടില്‍ പത്രോസ്ഭാര്യ ഷീലയുടെ വീട്ടില്‍ ആയുധങ്ങള്‍ സഹിതം അതിക്രമിച്ചുകയറി മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസും അഞ്ചേരി കല്ലിങ്ങല്‍ വീട്ടില്‍ ശശികുമാര്‍ മകന്‍ അജിത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. തനിക്കെതിരെ കാപ്പാ ആക്ട് പ്രകാരം നടപടിവരുമെന്ന് ഭയന്ന പ്രതി ഒരുമാസത്തോളമായി ഒളിവിലായിരുന്നു. ഒല്ലൂര്‍ സിഐ എ.ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ ഗിരീഷ്, ഷിജു എന്നിവര്‍ ചേര്‍ന്ന് പടവരാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.