മെഡി. പ്രവേശനം നിര്‍ത്തണം; ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി

Thursday 30 June 2016 9:45 pm IST

കൊച്ചി: നീറ്റിന്റെ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) അടിസ്ഥാനത്തില്‍ ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നടത്തേണ്ടെന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയിലുള്ള കേസ് തീര്‍പ്പാകുന്നതുവരെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. മലപ്പുറം വേങ്ങര സ്വദേശി മഹ്ജബീന്‍, തൃശൂര്‍ പുറനാട്ടുകര സ്വദേശിനി റോജ ശ്രീനിവാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്. ഈ അധ്യയന വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുന്നില്ലെന്നും ഇത്തവണ സംസ്ഥാന തലത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ മതിയെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇതിനെതിരെയാണ് സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.