കാവുംഭാഗത്തെ കാത്തിരുപ്പ് കേന്ദ്രം അപകട ഭീഷണി ഉയര്‍ത്തുന്നു

Thursday 30 June 2016 10:01 pm IST

തിരുവല്ല: യാത്രക്കാരുടെ ജീവന് വെല്ലുവിളിയായി കാവുംഭാഗത്തെ വാഹന കാത്തിരുപ്പ് കേന്ദ്രം അപകട ഭീഷണി ഉയര്‍ത്തുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുളള കാവുംഭാഗം ജംഗ്ഷനിലെ തിരുവല്ല ഭാഗത്തേക്കുളള കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി നിലകൊളളുന്നത്. ഏതാണ്ട് നാല്‍പ്പത് വര്‍ഷത്തെ പഴക്കം കെട്ടിടത്തിന് ഉളളതായാണ് സമീപ വാസികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളും വയോധികരുമായ നൂറിലേറെ പേരാണ് പ്രതിദിനം ബസ് കാത്ത് ഈ കെട്ടിടത്തിന് കീഴില്‍ നില്‍ക്കുന്നത്. മേല്‍ക്കുരയിലെ കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും ഇളകി മാറി ഓരോ ഭാഗങ്ങളായി പ്രതിദിനം അ=ടര്‍ന്ന് നിലം പതിക്കുകാണ്. ബുധനാഴ്ച്ച രാത്രിയിലും മേല്‍ക്കൂരയില്‍ നിന്നും വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് നിലം പതിച്ചിരുന്നു. യാത്രക്കാര്‍ ആരുംതന്ന ആ സമയം കാത്തിരുപ്പ് കേന്ദ്രത്തില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുകയായിന്നു. കെട്ടിടത്തിന്റെ തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പിന്‍ ഭാഗത്തെ വിണ്ടുകീറിയ ഭിത്തി ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് ഇളകി മാറിയതിനെ തുടര്‍ന്ന് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഈര്‍പ്പം നിറഞ്ഞ ഭിത്തികളുമായി നില്‍ക്കുന്ന കെട്ടിടം പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ സംബന്ധിച്ച അറിവുളള പ്രദേശവാസികള്‍ കാത്തിരുപ്പ് കേന്ദ്രം ഉപയോഗിക്കാറില്ല. വന്‍ അപകടഭീഷണി ഉയര്‍ത്തുന്ന കാത്തിരുപ്പ് കേന്ദ്രം പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനോ നഗരസഭാ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കാത്തിരുപ്പ് കേന്ദ്രത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തുവാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും പുനര്‍ നിര്‍മാണത്തിന് ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.