നഗരത്തില്‍ മയക്കുമരുന്ന് വേട്ട: നാല് യുവാക്കള്‍ പിടിയില്‍

Thursday 30 June 2016 10:29 pm IST

കൊച്ചി: നഗരത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഷാഡോ പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ നാല് യുവാക്കള്‍ പിടിയിലായി. കൊച്ചി നഗരത്തില്‍ ഷോപ്പിംഗ് മാളുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ്, ഹാഷിഷ് നൈട്രോസെപ്പാം ഗുളികകള്‍ എന്നിവ അടക്കം യുവാക്കള്‍ പിടിയിലായത്. പാലാരിവട്ടത്തുനിന്നും ഒരു കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ ഷിബു മാത്യു, മാമംഗലം ലൂയി ബെന്നറ്റ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവാക്കള്‍ക്കിടയിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ സഞ്ചരിച്ചുമാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്ലാസ്റ്റിക് പൊതികളിലാക്കി ഒരു പാക്കറ്റിന് 1000 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍പ്പന. ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും പിന്നീട് പാക്കറ്റ് ഒന്നിന് 1000 രൂപ നിരക്കില്‍ കഞ്ചാവ് നല്‍കുകയാണ് ഇവരുടെ രീതി. പാലാരിവട്ടത്ത് വീട് വാടകക്ക് എടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. എറണാകുളത്തെ പ്രമുഖ മാളിന് സമീപത്തുനിന്നും 13 പൊതി ഹാഷിഷുമായി കിം ക്യാറ്റ് എന്ന പേരിലറിയപ്പെടുന്ന എറണാകുളം സ്വദേശി വിനു ബാലകൃഷ്ണന്‍ പോലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി കസ്റ്റമേഴ്‌സിനെ ശേഖരിച്ച് ഹാഷിഷ് വില്‍പ്പനയായിരുന്നു ഇയാളുടെ പതിവ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ യുവതികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പലരും ഇയാളില്‍നിന്നും ഹാഷിഷ് വാങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഹാഷിഷ് കൊണ്ടുവന്ന് നഗരത്തില്‍ വിതരണംചെയതശേഷം ബെംഗളൂരുവില്‍ താമസിക്കുകയാണ് ഇവരുടെ രീതി. ഒരു പായ്ക്കറ്റ് ഹാഷിഷിന് മൂവായിരം രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷന് സമീപം നൈട്രോസെപ്പാം മയക്കുമരുന്ന് ഗുളികകളുമായി ആലുവ നീറിക്കോട് മറക്കമേട് വീട്ടില്‍ പോള്‍ മകന്‍ പീറ്ററിനെ പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് കീഴടക്കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ബാബുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദ പൈയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ശ്രീകാന്ത്, സാനുമോന്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍, രാഹല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.