കേന്ദ്രാവിഷ്‌കൃത വൈദ്യുത പദ്ധതികള്‍ ജില്ലയ്ക്ക് ലഭിച്ചത് 38 കോടി രൂപ

Thursday 30 June 2016 10:31 pm IST

കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന, സമഗ്ര വൈദ്യുതി വിതരണ പദ്ധതി എന്നിവയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 38 കോടി രൂപ. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളാണിത്. 2015 മെയിലാണ് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ പ്രൊഫ. കെ.വി. തോമസ് എംപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ കുട്ടമ്പുഴ, കോതമംഗലം മേഖലകളില്‍ ഈ പദ്ധതികളുടെ നടത്തിപ്പില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു യോഗം വിലയിരുത്തി. പോരായ്മകള്‍ കണ്ടെത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മൂന്നുമാസം കൂടുമ്പോഴാണു ഇതു സംബന്ധിച്ച അവലോകന യോഗം ചേരുന്നത്. അടുത്ത യോഗം ഒക്‌ടോബറില്‍ നടക്കും. ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍ക്കു കൂടി സൗകര്യപ്രദമായ രീതിയില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്നലത്തെ യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍ക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ആര്‍.രാജന്‍ എന്നിവരും അനുബന്ധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.