കണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍. വിമതന്‍ ഡെപ്യൂട്ടി മേയര്‍

Thursday 30 June 2016 10:51 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. വോട്ടെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ് 27നെതിരെ 28 വോട്ട് നേടി ഡെപ്യൂട്ടി മേയറായി. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായ സി.സമീറിനേയാണ് രാഗേഷ് പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയറായിരുന്ന മുസ്ലീം ലീഗിലെ സി.സമീര്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ഡെപ്യൂട്ടിമേയറെ കണ്ടെത്താന്‍ ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലില്‍ 27 അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനുമുള്ളത്. ഇരു മുന്നണികളും ബലാബലത്തില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ നിലപാടായിരുന്നു നിര്‍ണ്ണായകം. കോണ്‍ഗ്രസ് വിമതനെ ഡെപ്യൂട്ടി മേയറാക്കുന്നതില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐക്ക് ആദ്യം തൊട്ടേ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നുവെങ്കിലും ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചില്ല. ജില്ലാ കലക്ടര്‍ പി.ബാലകിരണായിരുന്നു വരണാധികാരി. കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പി.കെ.രാഗേഷ് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇരുമുന്നണികള്‍ക്കും തുല്യവോട്ടുകളാണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സി.സമീര്‍ ഡെപ്യൂട്ടി മേയറായത്. പി.കെ.രാഗേഷിന്റെ പിന്തുണ കൂടി ഉറപ്പാക്കി ഇടതുപക്ഷം ഡെപ്യൂട്ടിമേയര്‍ക്കെതിരെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സമീര്‍ രാജിവെയ്ക്കുകയായിരുന്നു. നഗരസഭ രൂപീകൃതമായ കാലം മുതല്‍ ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തിന്റെ അധികാരം കയ്യാളിയിരുന്ന യുഡിഎഫിന് പ്രഥമ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി മാറി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ കണ്ണൂര്‍ നിയമസഭാ മണ്ഡലവും ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും കൂടി നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കണ്ണൂരിലെ കുത്തക പൂര്‍ണ്ണമായും അവസാനിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.