എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തില്ല അദ്ധ്യാപികയടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

Thursday 30 June 2016 11:15 pm IST

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ ഗവ:പോളിടെക്‌നിക്കില്‍ രണ്ട് അധ്യാപികയടക്കം മുപ്പതോളം വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം എസ്എഫ്‌ഐ ഗുണ്ടാ സംഘം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ബുധനാഴ്ച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെ പോളിടെക്‌നിക്കില്‍ എത്തിയ സമരത്തല്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ കിരണിനെ മര്‍ദ്ദിച്ച് അവശാനാക്കി. രക്ഷപ്പെടാനായി തന്റെ ക്ലാസ്സ് മുറിയില്‍ ഓടിക്കയറിയ കിരണിനെ എസ്എഫ്‌ഐ ഗുണ്ടകള്‍ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കാനെത്തുന്നത് കണ്ട അദ്ധ്യപികമാര്‍ ക്ലാസ്സ് മുറി അടച്ചുപൂട്ടി. കിരണിനെ പുറത്ത് ഇറക്കിയില്ലെങ്കില്‍ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപികമാരെയും പുറത്തിറക്കില്ലെന്ന് പറഞ്ഞ് ക്ലാസ് മുറിക്ക് പുറത്ത് എസ്എഫ്‌ഐക്കാര്‍ തമ്പടിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. കിരണിനെ വിട്ടുകിട്ടില്ലെന്നായപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാതില്‍ അടിച്ചു തകര്‍ക്കാനുള്ള ശ്രമം നടത്തി. പ്രിന്‍സിപ്പാള്‍ നെയ്യാറ്റിന്‍കര പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ സന്തോഷ്‌കുമാറിന്റെ നേത്യത്വത്തില്‍ പോലീസ് സംഘം എത്തിയെങ്കിലും നോക്കിനില്‍ക്കാനെ സാധിച്ചുള്ളു. പുറത്തു നിന്നെത്തിയ സിപിഎം പാര്‍ട്ടിനേതാക്കളും വിദ്യാലയത്തില്‍ പ്രവേശിച്ചതോടെ ക്യാമ്പസ് കൂടുതല്‍ കലുഷിതമായി . കിരണിനെ പുറത്തിറക്കി വിട്ടില്ലെങ്കില്‍ അദ്ധ്യാപകരെ മര്‍ദ്ദിക്കുമെന്ന് അസഭ്യവാക്കുകളുമായി അദ്ധ്യാപകര്‍ക്ക് നേരെയും എസ്എഫ്‌ഐക്കാര്‍ തിരിഞ്ഞു. വിവരം അറിഞ്ഞ് കിരണിന്റെ രക്ഷിതാക്കള്‍ നിലവിളിച്ചുകൊണ്ട് പോളിടെക്‌നിക്കില്‍ എത്തി. രക്ഷകര്‍ത്താക്കള്‍ ക്ലാസ് മുറിക്കടുത്ത് പോയതോടെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കിരണിനെ സുരക്ഷിതമായി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും നിലവിലെ ഇന്റര്‍പോളി കൗണ്‍സിലറുമായ അബുതാഹീറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. എസ്എഫ്‌ഐ നടത്തുന്ന സമരങ്ങള്‍ക്കും എല്‍ഡിഎഫ് മന്ത്രിമാര്‍ക്കും, എംഎല്‍എമാര്‍ക്കും മറ്റ് പാര്‍ട്ടി പരിപാടികള്‍ക്കും പങ്കെടുക്കാന്‍ പോളിയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും വിസമ്മതിച്ചാല്‍ ഇത്തരത്തിലുള്ള മര്‍ദ്ദനങ്ങളും പഠിപ്പുവരെ മതിയാക്കേണ്ടവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.