രാജഗോപാല്‍ പറഞ്ഞത് ബദല്‍ നയം

Friday 1 July 2016 4:08 pm IST

ഗവര്‍ണറുടെ നയപ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് ആകെ 177 മിനിറ്റ്. ബിജെപി അംഗം ഒ രാജഗോപാലിന് കിട്ടിയത് വെറും ഒരു മിനിറ്റ്. പക്ഷേ സഭയുടെ ശ്രദ്ധമുഴുവന്‍ ആ ഒരു മിനിറ്റിലേക്കായിരുന്നു. രാജഗോപാല്‍ എന്തു പറയും. അനുകൂലിക്കുമോ എതിര്‍ക്കുമോ. രാജേട്ടന്റെ ഏതെങ്കിലും വാക്ക് എതിരാളികളെ അടിക്കാനുപയോഗിക്കാമോ എന്ന ചിന്തയില്‍ ഇരുമുന്നണിയിലേയും അംഗങ്ങള്‍ കാതോര്‍ത്തിരുന്നു. 'താന്‍ ജയിച്ചു വന്നത് ജനങ്ങള്‍ വോട്ടു ചെയ്തതുകൊണ്ടാണ്. അതിന്റെ പേരില്‍ ഇടതും വലതും ഇരിക്കുന്നവര്‍ ബഹളം വെക്കേണ്ടതില്ല. ബിജെപിക്ക് മാത്രമാണ് വോട്ടുകൂടിയത്. ഇരുമുന്നണികള്‍ക്കും വോട്ടു കുറഞ്ഞു. ഗയില്‍ പൈപ്പ് ലെയിന്‍ പൂര്‍ത്തിയാക്കും, ഫിലിം സിറ്റി സ്ഥാപിക്കും, പദ്ധതികള്‍ ജന പങ്കാളിത്തത്തോടെ നടപ്പാക്കും, സ്വകാര്യ നിക്ഷേപം സ്വീകരിക്കും തുടങ്ങിയവയെക്കെ ശരിയായ ദിശയിലുള്ളത്. പക്ഷേ ഇതെല്ലാം അടവ് നയമാണോ' ഈ സംശയം രാജഗോപാലിനുണ്ട്. 43 മുസ്്‌ളീം രാജ്യങ്ങള്‍ ഉള്‍പ്പെടെ 193 രാജ്യങ്ങള്‍ ആചരിച്ച യോഗ ദിനത്തെ മോശമാക്കാന്‍ ശ്രമിച്ച സംസ്ഥാന മന്ത്രിയുടെ നീക്കമാണ് അദ്ദേഹത്തിന്റെ സംശയം ബലപ്പെടുത്തുന്നത്. രാജഗോപാല്‍ പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതൊന്നും തടയാഞ്ഞതിനാല്‍ ക്രമ പ്രശ്‌നവുമായി തിരുവഞ്ചൂര്‍ എഴുന്നേറ്റു. നയപ്രഖ്യാപനത്തെ രാജഗോപാല്‍ എതിര്‍ക്കുമെന്നോ അനുകൂലിക്കുമെന്നാ പറഞ്ഞില്ല. ഏതെങ്കിലും ഒന്നു പറയുന്നതാണ് കീഴ്‌വഴക്കം. ഇതുവരെ സഭയില്‍ രണ്ടു പക്ഷമേ ഉണ്ടായിരുന്നുള്ളു എന്നത് അറിയാത്തവനെപ്പോലുള്ള തിരുവഞ്ചൂരിന്റെ ആവശ്യം ചെവികൊള്ളാന്‍ സ്പീക്കര്‍ തയ്യാറായില്ല. പിന്നിട് നയപ്രഖ്യാപന പ്രമേയം വോട്ടിനിട്ടപ്പോള്‍ സഭയിലുണ്ടായിരുന്നിട്ടും വോട്ടു ചെയ്യാതെ രാജഗോപാല്‍ നിക്ഷപക്ഷത കാട്ടുകയും ചെയ്തു. സഭയില്‍ നേരത്തെ ദൃശ്യമല്ലാത്ത ബദല്‍ നയം പറഞ്ഞ് രാജേട്ടന്‍ മാതൃകയായി. താന്‍ വെറും സാധുവാണെന്നും പിആര്‍ഒ പണി എടുക്കുന്നയാളല്ലന്നും പറഞ്ഞ് മറുപടി തുടങ്ങിയ മുഖ്യമന്ത്രി പിണറായി മറ്റൊരു നയം കൂടി പ്രഖ്യാപിച്ചു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയന്‍ നിയമസഭയില്‍ പെരുമാറുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. 'താന്‍ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ അതില്‍ വീണുപോകില്ല. താന്‍ കരുത്തനല്ല, സാധുവാണെ'ന്നും പറഞ്ഞ് വിനീതനാകാനും നോക്കി. കാലൊച്ച കേള്‍ക്കുമ്പോഴല്ല മുന്‍ സര്‍ക്കാറിന്റെ കാലത്ത് വാതിലുകള്‍ തുറന്നിരുന്നതെന്ന് കൈവളകളുടേയും കാല്‍ചിലമ്പുകളുടേയും കിലുക്കം കേള്‍ക്കുമ്പോഴായിരുന്നു് വാതിലുകള്‍ തുറന്നിരുന്നതെന്ന് വി ജോയി. മസ്‌ക്കറ്റ് ഹോട്ടലിന്റെ ഇടനാഴികളിലും മുറികളിലും ഈ കിലുക്കം കേട്ടിട്ടുണ്ടെന്നും ജോയി. കാലോച്ച കേള്‍ക്കവേ വാതില്‍ തുറക്കുക എന്ന ആദര്‍ശത്തിന് അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന നയപ്രഖ്യാപനത്തിലെ പരാമര്‍ശം എല്‍ദോസ് കുന്നപ്പള്ളിക്ക് ഇഷ്ടപ്പെട്ടില്ല. കാലൊച്ച കേള്‍ക്കുമ്പോള്‍ ഡോറിനു പകരം ബാര്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പറഞ്ഞ എല്‍ദോസ് പാരടിഗാനവും പാടി. കാലൊച്ച കേള്‍ക്കും മുന്‍പ് അഴിമതിക്കാരുടേയും വിദ്യാഭ്യാസ കച്ചവടക്കാരുടേയും വാതിലുകളാണ് അടച്ചതെന്നായി മുഹമ്മദ് മുഹസിന്‍. സ്‌ക്കൂളുകള്‍ പൂട്ടുന്നത് അനേകം ജയിലുകള്‍ തുറക്കുന്നതിന് തുല്യമെന്നു പറഞ്ഞ മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി തന്റെ മോദി വിരുദ്ധത തെളിയിക്കാനാണ് കൂടുതല്‍ സമയം ചെലവിട്ടത്.മന്ത്രിമാര്‍ കൂട്ടത്തോടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്് കെ ബി ഗണേഷ് കുമാറിന് ഇഷ്ടപ്പെട്ടു. ശൗചാലയം ഉദ്ഘാടനമെങ്കിലും ചെയ്യാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഇനി കഴിയുമല്ലോ എന്നതായിരുന്നു കാരണം. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെല്ലാം അഴിച്ചു പണിത് എല്ലാം ശരിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പണികിട്ടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉപദേശിച്ചു. ബിജെപിയെ നേരിട്ടെതിര്‍ത്തത് യുഡിഎഫ് ആണ്. അല്ലായിരുന്നെങ്കില്‍ കെ മുരളീധരനു പകരം കുമ്മനം സഭയിലിരുന്നേനെ എന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ ഒ രാജഗോപാലോ എന്ന് ഭരണപക്ഷം. രാജേട്ടന്‍ തലമുതിര്‍ന്ന നേതാവല്ലേ, വ്യക്തിപരമായ വിദ്വേഷം ആരോടുമില്ലന്ന ലീഗ് നേതാവിന്റെ മറുപടി സിപിഎം അംഗങ്ങളെ തൃപ്തിയാക്കിയില്ല. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പര്യത്തിനെതിരായി സുപ്രീംകോടതി വിധി വന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് വരുത്താന്‍ എം എം മണി ശ്രമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണെന്നു വ്യക്തമാക്കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ധവളപത്രം നിയമസഭയില്‍ വെച്ചു. വേണ്ടത്ര സംസ്ഥാനത്തിന്റെ ദൈനംദിന ചിലവുകള്‍ക്കു പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വിഷമിക്കുകയാണെന്നു ഒക്കെ ധവളപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും രാഷ്ടീയ തട്ടിപ്പ എന്നതിലപ്പുറം ഗൗരവം വന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.