ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി

Friday 1 July 2016 1:01 pm IST

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. തുടരന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരശോധിച്ചിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടിയത്. കേസില്‍ ഹാജരായ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി.ശശീന്ദ്രനെ മാറ്റിനിര്‍ത്തിയാണ് നടപടി. മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുള്ള കേസുകള്‍ ഒന്നൊന്നായി പുനപരിശോധിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കം. ഏറെ വിവാദമുണ്ടാക്കിയ ബാര്‍ കോഴ കേസിലാണ് തുടരന്വേഷണത്തിന്റെ സാധ്യതയാണ് ഡിജിപി ജേക്കബ് തോമസ് ആദ്യം തേടുന്നത്. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് ആദ്യം നല്‍കിയ റിപ്പോര്‍ട്ട് തിരുവന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മാത്രമല്ല തുടരന്വേഷണം നടത്തേണ്ട ഭാഗങ്ങള്‍ കൃത്യമായി കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഈ അന്വേഷണണത്തിലും മാണിക്കെതിരെ തെളിവില്ലെന്നായിരുന്നു വിജിലന്‍സ് കണ്ടത്തല്‍. ഈ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ് അടക്കം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയുടെ പരിഗണനയിലുള്ള തുടരന്വേഷണ റിപ്പോര്‍ട്ടിലെ അപാകത പരിശോധിക്കാന്‍ വിജലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. ബാര്‍ കേസില്‍ വിജിലന്‍സിനായി ഹാജരായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി.ശശീന്ദ്രനെ മാറ്റി നിര്‍ത്തിയാണ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. റിപ്പാപോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന നിയമോപദേശമാണ് ലഭിക്കുന്നതെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് നിലപാട് മാറ്റും. കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടും സ്വീകരിക്കും. അത് മാണിക്കെതിരായ ബാര്‍ കേസില്‍ പുതിയ വഴിതുറക്കലാകും. പാറ്റൂര്‍ കേസിലും, കെ.ബാബുവിനെതിരായ കേസിലും വിജിലന്‍സ് അന്വേഷണം വന്നേക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.