സ്വകാര്യ ബസുകള്‍ പായുന്നത് ഡോറുകളില്ലാതെ

Friday 1 July 2016 7:19 pm IST

ആലപ്പുഴ: ജൂലൈ ഒന്നുമുതല്‍ നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഡോറുകള്‍ നിര്‍ബ്ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പാഴായി. ബഹുഭൂരിപക്ഷം ബസുകളും പായുന്നത് ഡോറുകളില്ലാതെയാണ്. സ്‌കൂളുകള്‍ തുറന്നതോടെ വന്‍ അപകടഭീഷണിയാണ് ഇത്തരം സര്‍വ്വീസുകള്‍ ഉയര്‍ത്തുന്നത്. നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ്. ജൂലൈ ഒന്നുമുതല്‍ നിയമം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ പതിവുപോലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ഇത് കണ്ടില്ലെന്നു നടിച്ചു. സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അതേ അനുഭവമാണ് ഡോറുകള്‍ സ്ഥാപിക്കണമെന്ന ഉത്തരവിലുമുണ്ടായത്. ടെസ്റ്റു സമയത്ത് നിര്‍ബ്ബന്ധമായതിനാല്‍ സ്വകാര്യ ബസുകളുടെ ഇരുഭാഗങ്ങളിലും ഡോറുകള്‍ താത്കാലികമായി സ്ഥാപിക്കാറുണ്ട്. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഇതു മാറ്റി വയ്ക്കാറാണ് പതിവ്. ഡോറുകളില്ലാത്തതിനാല്‍ ബസില്‍ നിന്നും തെറിച്ചു വീണുള്ള അപകടങ്ങള്‍ പതിവാണ്. ഇതുകൂടാതെ സ്വകാര്യ ബസ് ജീവനക്കാര്‍ യൂണിഫോം ധരിക്കണമെന്ന നിയമവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ ഇരു വാതിലുകളിലും തൂങ്ങിനിന്ന് യാത്രക്കാരെ കയറ്റുന്നത് പതിവു സംഭവമാണ്. കണ്ടക്ടര്‍മാര്‍ നെയിംപ്ലേറ്റ് ധരിക്കണമെന്ന ഉത്തരവിനും ഇതേ അവസ്ഥതന്നെയാണുണ്ടായത്. ഇത്തരത്തില്‍ നിയമങ്ങള്‍ പാടേ ലംഘിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീ സ് തുടരുന്നത്. പലപ്പോഴും റൂട്ടുമാറിയും സര്‍വ്വീസ് നടത്തുന്നത് യാത്രക്കാരെ ഏറെ വലയ്ക്കാറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.