പെരിയാറിന്റെ തീരത്ത്‌ ഇന്ന്‌ ഭക്തസഹസ്രങ്ങള്‍ ബലിതര്‍പ്പണത്തിനായി എത്തും

Sunday 19 February 2012 10:26 pm IST

ആലുവ: ഐതിഹ്യങ്ങളാല്‍ സമൃദ്ധമായ ദക്ഷിണകാശിയെന്ന്‌ പുകള്‍പെറ്റ ആലുവ പെരിയാറിന്റെ തീരത്ത്‌ ഉറക്കമിളിച്ച്‌ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന്‌ ആയിരങ്ങള്‍ ഒഴുകിയെത്തും. അലങ്കാര ദീപങ്ങള്‍ ചൊരിഞ്ഞ പ്രകാശ ദീപ്തിയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന പെരിയാറിന്റെ തീരത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയും, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റും ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ദേവസ്വം ബോര്‍ഡ്‌ മണപ്പുറത്ത്‌ 300ല്‍ പരം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്‌. മണപ്പുറം മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക്‌ തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തിമുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും പ്രധാനകാര്‍മികത്വം വഹിക്കും. ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരേസമയം മൂവായിരം പേര്‍ക്ക്‌ ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. സ്വാമി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി ജയന്തന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. താല്‍ക്കാലിക മുന്‍സിപ്പല്‍ ഓഫീസ്‌, പോലീസ്‌ സ്റ്റേഷന്‍, കെഎസ്‌ഇബി ഓഫീസ്‌ എന്നിവ മണപ്പുറത്ത്‌ പ്രവര്‍ത്തിക്കും. ആലുവ താലൂക്ക്‌ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷാ യൂണിറ്റും സേവനത്തിനുണ്ടാകും. കൊട്ടാരകടവില്‍ നിന്നും മണപ്പുറത്തേക്ക്‌ താല്‍ക്കാലിക നടപ്പാത ഇത്തവണയും നിര്‍മിച്ചിട്ടുണ്ട്‌.
ഓരോ വശത്തേക്കും 10 അടി വീതി കിട്ടുംവിധം പാലത്തില്‍ ബാരിക്കേഡ്‌ കെട്ടി തിരിച്ചിട്ടുണ്ട്‌. ഒരു വശത്തേക്ക്‌ അഞ്ചുരൂപയും ഇരു വശങ്ങളിലേക്കുമായി പത്തുരൂപയുമാണ്‌ ഫീസ്‌ നിശ്ചയിച്ചിരിക്കുന്നത്‌. മണപ്പുറത്ത്‌ ആവശ്യമായ വെളിച്ചം തടസ്സപ്പെടാതെ ലഭ്യമാകുന്നതിന്‌ ആവശ്യമായ താല്‍ക്കാലിക വൈദ്യൂതീകരണം കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്‌. തിരക്കേറിയ ഭാഗങ്ങളില്‍ ജനപ്രവാഹം നിയന്ത്രിക്കുന്നതിന്‌ ബാരികേഡുകള്‍ കെട്ടിയിട്ടുണ്ട്‌. നേവിയുടെയും ഫയര്‍ഫോഴ്സിന്റെയും മുങ്ങല്‍ വിദഗ്ധരുടെ സേവനം മണപ്പുറത്ത്‌ ലഭ്യമായിരിക്കും. നഗരസഭ, താലൂക്ക്‌ ആശുപത്രിയുടെ ആംബുലന്‍സുകള്‍ മണപ്പുറത്ത്‌ ഉണ്ടാകും.
നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ ആബുലന്‍സുകളും വിവിധ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. ക്രമസമാധന പാലനത്തിന്‌ ആവശ്യമായ നടപടികള്‍ പോലീസ്‌ അധികൃതര്‍ സ്വീകരിക്കും. തിരക്ക്‌ കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന്‌ രണ്ട്‌ വാച്ച്ടവര്‍ മണപ്പുറത്ത്‌ സ്ഥാപിച്ചിട്ടുണ്ട്‌. താല്‍ക്കാലിക കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ വടക്കേ മണപ്പുറത്ത്‌ പ്രവര്‍ത്തിക്കും. ശിവരാത്രി ആഘോഷക്കാലത്ത്‌ മണപ്പുറത്ത്‌ താല്‍ക്കാലിക ജലവിതരണത്തിന്‌ ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്‌. കുളിക്കടവുകളില്‍ ചെളി നീക്കം ചെയ്തു. തോട്ടയ്ക്കാട്ടുകര കാവാലമുതല്‍ ആല്‍ത്തറവരെ മണപ്പുറം റോഡിലും കൊട്ടാരകടവ്‌ റോഡിലും ശിവരാത്രി കാലത്ത്‌ വഴിയോരകച്ചവടം നിരോധിച്ചിട്ടുണ്ട്‌. മഹാശിവരാത്രിക്ക്‌ ആലുവ മണപ്പുറത്ത്‌ പിതൃതര്‍പ്പണത്തിനായി എത്തുന്ന ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ക്ക്‌ സേവാഭാരതിയും, ആര്‍എസ്‌എസ്സും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.