കണ്ണൂരില്‍ ആര്‍എസ്എസ് കാര്യവാഹിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം

Friday 1 July 2016 10:43 pm IST

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ കാനച്ചേരിയില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹിന്റെ വീടിന് നേരെ സിപിഎം ബോംബാക്രമണം. കാനച്ചേരി ശിവതീര്‍ത്ഥം മഠത്തില്‍ വീട്ടില്‍ ജയരാജന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ വാതിലുകളും ജനലുകളും പൂര്‍ണമായും തകര്‍ന്നു. ഉഗ്രശേഷിയുള്ള ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി പരിസര വാസികള്‍ പറഞ്ഞു. തടിയില്‍ തീര്‍ത്ത വാതിലുകള്‍ സ്‌ഫോടനത്തില്‍ ഇളകിത്തെറിച്ചു. സ്റ്റീല്‍ ബോംബുകളാണ് ഇവിടെയും അക്രമത്തിന് ഉപയോഗിച്ചത്. വീട്ടിലും പരിസരപ്രദേശങ്ങളിലും വെടിമരുന്നിന്റെ രൂക്ഷഗന്ധമുണ്ട്. അക്രമം നടക്കുന്ന സമയത്ത് ജയരാജനും കുടുംബവും വീടിനകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയരാജന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. മാവിച്ചേരിയിലെ സരോജിനിയുടെ മകന്‍ കാരാട്ട് വിനോദ്, വിജയന്റെ മകന്‍ കാച്ചി വിശാഖ്, ദാസന്റെ മകന്‍ ദിജില്‍, വത്സന്റെ മകന്‍ അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്ത് ഉയര്‍ന്ന വിലക്ക് മറിച്ച് വില്‍ക്കുന്ന പരിശീലനം സിദ്ധിച്ച പ്രത്യേക സംഘങ്ങളുള്ള പ്രദേശമാണ് കാനച്ചേരിയും പരിസര പ്രദേശങ്ങളും. മണല്‍ മോഷണവുമായി ബന്ധപ്പെട്ട ഒരു സംഘം സിപിഎമ്മുകാരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ സംഘത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലാണ് ഇന്നലെ പുലര്‍ച്ചെ കാനച്ചേരിയില്‍ അക്രമം നടന്നത്. ആര്‍എസ്എസ് ജില്ലാ പ്രചാരക് ടി.ആര്‍. രഞ്ജിത്ത്, വി.വി. പ്രദീപന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.