നഗര റോഡ് വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി

Friday 1 July 2016 11:37 pm IST

ആലപ്പുഴ: ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് നഗരങ്ങളെ നഗര റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ റോഡ് വികസന പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. നഗര റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് റോഡുകളിലെ അനധികൃത കച്ചവടം അനുവദിക്കില്ല. ഓടകള്‍ കൈയേറി കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. കൈയേറ്റക്കാര്‍ക്ക് നിയമാനുസൃതമായി നോട്ടീസ് നല്‍കാന്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. അനധികൃതമായി സൂക്ഷിക്കുന്ന സാധനങ്ങള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. റോഡ് നിര്‍മാണത്തിനും മറ്റുമായി കരാറുകാര്‍ മെറ്റിലും മറ്റു സാമഗ്രികളും റോഡിലും റോഡരികിലും ഇറക്കിവയ്ക്കുന്നത് അനുവദിക്കില്ല. നടപ്പാതയും ഓടയുമില്ലാത്ത പൊതുമരാമത്ത് റോഡുകള്‍ ഇനി സംസ്ഥാനത്ത് ഉണ്ടാവില്ല. ഓടയും കാല്‍നടയാത്രക്കാര്‍ക്കുള്ള പാതയുമില്ലാതെ പൊതുമരാമത്ത് റോഡുകള്‍ നിര്‍മിക്കില്ല. ഇവയില്ലാത്ത റോഡുകളില്‍ നിര്‍മിക്കും. കുട്ടനാട്ടിലടക്കം അശാസ്ത്രീയമായി നിര്‍മിച്ച റോഡുകള്‍ നിലനില്‍ക്കുന്നില്ല. എസി റോഡു പോലും പൊട്ടിപ്പൊളിഞ്ഞു. വര്‍ഷങ്ങളോളം ഈടുനില്‍ക്കുന്ന നിലയില്‍ റോഡുകള്‍ ശാസ്ത്രീയമായി നിര്‍മിക്കും. റബര്‍, പ്ലാസ്റ്റിക്, ജിയോ ടെക്‌സ്‌റ്റെല്‍സ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണ സാധ്യതയാണ് പരിഗണിക്കുന്നത്. പ്രദേശങ്ങളുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചാണ് നിര്‍മാണം നടത്തുക. 80 ശതമാനം പദ്ധതികളും അഞ്ചുവര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.