തേജസ് ഇനി സൈന്യത്തിന്റെ തേജസ്

Saturday 2 July 2016 12:47 am IST

ബെംഗളൂരു: ഭാരതം സ്വന്തമായി രൂപകല്പ്പന ചെയ്ത് വികസിപ്പിച്ച ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനം തേജസ് വ്യോമസേനയുടെ ഭാഗമായി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സില്‍ നടന്ന ചടങ്ങില്‍ രണ്ടു തേജസ് ലഘുയുദ്ധ വിമാനങ്ങളാണ് സൈന്യത്തിന് കൈമാറിയത്. ഒറ്റ എന്‍ജിനുള്ള ലോകത്തെ ഏറ്റവും ചെറിയ, ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക്(ശബ്ദത്തേക്കാള്‍ വേഗതയുള്ള) യുദ്ധവിമാനമാണിത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡാണ് ഇവ നിര്‍മ്മിച്ചത്. ഡോ. കോട്ട ഹരിനാരായണനാണ് ഇവയുടെ ശില്പ്പി. മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയാണ് വിമാനത്തിന് തേജസ് എന്ന് പേരിട്ടത്. വ്യോമസേനയുടെ ഫ്‌ളൈയിംഗ് ഡാഗേഴ്‌സ് (പറക്കും കഠാരകള്‍)എന്ന നിര്‍ദ്ദിഷ്ടതേജസ് സ്‌ക്വാഡ്രണിലാകും ഇവ ഉള്‍പ്പെടുത്തുക. ഈ വിമാനവ്യൂഹത്തിന്റെ ആസ്ഥാനം രണ്ടു വര്‍ഷം ബെംഗളൂരുവായിരിക്കും. പിന്നീട് തമിഴ്‌നാട്ടിലെ സുളൂരേക്ക് മാറ്റും. ഈ സാമ്പത്തിക വര്‍ഷം ആറു തേജസ് വിമാനങ്ങള്‍ കൂടി സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തും. ഇവയ്ക്ക് രണ്ടു മോഡലുകളാണ് ഉള്ളത്. എസ്പി ഒന്ന്, എസ്പി രണ്ട്. ഇവ രണ്ടും ഉള്‍പ്പെട്ടതായിരിക്കും സ്‌ക്വാഡ്രണ്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ ആര്‍. രംഗാചാരിയായിരിക്കും ഈ സ്‌ക്വാഡ്രന്റെ ആദ്യ കമാന്‍ഡിംഗ് ഓഫീസര്‍. തേജസ് സൈന്യത്തിന് കൈമാറുന്ന പരിപാടിയില്‍ ദക്ഷിണ വ്യോമകമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ ജസ്ബീര്‍ വാലിയ മുഖ്യാതിഥിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.