പാലിന് ന്യായവില ലഭിക്കുന്നില്ല; ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍

Saturday 2 July 2016 11:54 am IST

കരുവാരകുണ്ട്: പാലിന് ന്യായവില ലഭിക്കാത്തതും കാലിത്തീറ്റയുടെ വില വര്‍ധനവും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നു. റബ്ബര്‍ കൃഷി ലാഭകരമല്ലാതായതോടെ മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ പശുവളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. സൊസൈറ്റികളില്‍ പാല്‍ അളക്കുന്നവര്‍ക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ലന്നുള്ള പരാതി വ്യാപകമാണ്. ലിറ്ററിന് 30 മുതല്‍ 35 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതോ സൊസൈറ്റികളില്‍ നിന്നും തിരികെ വാങ്ങുമ്പോള്‍ 40 രൂപയാകും. വേനല്‍ക്കാലത്ത് കര്‍ഷകരുടെ ദുരിതം ഇരട്ടിയായിരിന്നു. പച്ചപുല്ലിന്റെ ലഭ്യത കുറഞ്ഞതോടെ ഉല്‍പാദനം പലയിടത്തും പകുതിയായി കുറഞ്ഞു. പശുകള്‍ രോഗബാധ നേരിടുന്നതാണ് മറ്റൊരു പ്രശ്‌നം. പലകര്‍ഷകര്‍ക്കും സാമ്പത്തികമായി നഷ്ടമുണ്ടായി. രോഗം ബാധിച്ച പശുക്കള്‍ ചത്ത സംഭവം വരെയുണ്ടായി. കാലിത്തീറ്റവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യമാണെന്നും കര്‍ഷകര്‍ പറയുന്നു. 50 കിലോ കാലിത്തീറ്റക്ക് ആയിരം രൂപയിലേറെയാണ് നിലവിലെ വില. മികച്ച പാല്‍ ഉല്‍പാദനമുള്ള പശുവിന് ഓരോ മാസവും അഞ്ച് ചാക്ക് കാലിത്തീറ്റയെങ്കിലും വേണം. ഗ്രാമപഞ്ചായത്തുകളും, സൊസൈറ്റികളും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നുണ്ടെങ്കിലും കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ മുഴുവനായി പരിഹരിക്കപ്പെടുന്നില്ല. ക്ഷീരോല്‍പാദക സംഘങ്ങളെ കുറിച്ചുള്ള പരാതികളാണ് മറ്റൊരു പ്രശ്‌നം. പലസംഘങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നില്ലെന്നും ആക്ഷേപവുമുണ്ട്. ജീവിതമാര്‍ഗ്ഗത്തിന് മറ്റ് വഴികളില്ലാത്ത നിര്‍ധനരായ ഒരു വിഭാഗം ആളുകളാണ് ഇന്നും കാലി വളര്‍ത്തലുമായി മുന്നോട്ട് പോകുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷീരവികസന വകുപ്പും ഉല്‍പാദന സംഘങ്ങളും മൃഗസംരക്ഷണ വകുപ്പും നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.