പെ​ണ്‍​പി​ണ​റാ​യി

Saturday 2 July 2016 7:36 pm IST

മാപ്പിളപ്പാട്ടിന് മാര്‍ക്കിടാന്‍ പോകുന്ന ടി.കെ. ഹംസയെയും മുന്‍ സിമി നേതാവ് കെ.ടി. ജലീലിനെയും ഒക്കത്തും തോളത്തുമിരുത്തിയാണ് ആണ്‍പിണറായിയും പെണ്‍പിണറായിയും മതേതരയോഗയ്ക്ക് തുടക്കം കുറിച്ചത്. അങ്ങനെ കേരളത്തിലെ സഖാക്കന്മാരാകെ മതേതര യോഗാചാര്യന്മാരാവുകയും അവരുടെ നേതൃത്വത്തില്‍ നാടെമ്പാടും യോഗാഭ്യാസങ്ങള്‍ നടക്കുകയും ചെയ്തു. ഒരുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്ത് സാര്‍വദേശീയ യോഗദിനാചരണം ജൂണ്‍ 21ന് കൊണ്ടാടിയപ്പോള്‍ വേദം പഠിച്ചുവളര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം സോമയാജലു യെച്ചൂരി പറഞ്ഞത് അത് നായയുടെ ഗോഷ്ഠിയാണെന്നാണ്. ഇക്കുറിയും കൊല്ലം ബീച്ചില്‍ ആണ്‍പിണറായി ‘മതേതറ‘ യോഗയ്‌ക്കെഴുന്നെള്ളുന്നതിനുമുന്‍പ് സോഷ്യല്‍മീഡിയയിലെ മാര്‍ക്‌സിസ്റ്റ് തറവേലക്കാര്‍ ഒരു നായയുടെ ചിത്രം പോസ്റ്റ് ചെയ്ത് ആഘോഷം തുടങ്ങിയിരുന്നു. പിന്നെയാണല്ലോ സഖാവ് പിണറായിയും കൂട്ടരും ഈ നായഗോഷ്ഠിക്ക് ഇറങ്ങിയത്! യോഗയുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റുകളുടെ ഗവേഷണത്വര അവിടംകൊണ്ടും നിന്നില്ല. ജൂണ്‍ 21 എന്നത് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിന്റെ ചരമദിനമാണെന്നും പ്രസ്തുത സ്മൃതിദിനത്തിന് അന്തര്‍ദേശീയ പ്രശസ്തി നേടിക്കൊടുക്കാനുള്ള മോദിയുടെ കുറുക്കുവഴിയാണ് യോഗദിനാചരണമെന്നുമായിരുന്നു അന്നത്തെ കണ്ടെത്തല്‍. വല്ലാണ്ട് ബുദ്ധിമുട്ടി ഗവേഷിച്ചറിഞ്ഞ ആ സഖാക്കന്മാര്‍ക്കുമുന്നിലാണ് സഖാവ് മതേതര പിണറായി ഡോക്ടര്‍ജി സ്മൃതിദിനാചരണം ഇച്ചേലില്‍ കൊണ്ടാടിയതെന്നും ഓര്‍ക്കണം. ഇപ്പോള്‍ ആകെക്കൂടി ആശയക്കുഴപ്പമായി. യോഗദിനം എന്താണ്, എന്തിനാണ് എന്നൊന്നും അറിയാത്ത പരുവം. ഇമ്മാതിരി എടങ്ങേറിന് നില്‍ക്കരുതെന്ന് ജന്മാഷ്ടമീന്റന്ന് ഓണാഘോഷം നടത്തി കുടുങ്ങിയപ്പോഴേ സഖാക്കന്മാര്‍ നേതാക്കന്മാരോട് പറഞ്ഞുനോക്കിയതാണ്. അമ്പാടിമുക്കിലെ കുറേ ആര്‍എസ്എസുകാര്‍ ചേര്‍ന്ന് ചുവന്ന പാര്‍ട്ടിയെ കാവിവല്‍ക്കരിക്കുകയാണെന്ന് തിരുവിതാംകൂറിലെ ഇടതുബുദ്ധിജീവികള്‍ക്ക് ആക്ഷേപമുണ്ട്. ചെഗുവേരയും മഹാഗണപതിയുമൊക്കെ ഒറ്റവണ്ടിയില്‍ യാത്ര ചെയ്യുക, ചെങ്കൊടി കുത്തിവെച്ച് അയ്യപ്പന്‍വിളക്കും അന്നദാനവും നടത്തുക, മതേതര ജന്മാഷ്ടമി ആഘോഷിക്കുക.... അങ്ങനെയങ്ങനെ പലതാണ്, ജയിലെന്നുകേട്ടാല്‍ നെഞ്ചുവേദന വരുന്ന ധീരവിപ്ലവകാരി ജയരാജന്‍ സഖാവിന്റെ നാട്ടില്‍നിന്നുള്ള മതേതര വര്‍ത്തമാനങ്ങള്‍. പൂമൂടലും പാലുകാച്ചും പുടമുറിയും വരെ ആചാരത്തിന്റെ പേരില്‍ വിവാദമാക്കിയ ഒരു പാര്‍ട്ടിയുടെ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിമൂന്നാം നമ്പരില്‍ തുടങ്ങിയതാണ് വര്‍ക്കത്തുകേട്. മുഹമ്മദാലി ഫെയിം ജയരാജനും ഒളിഞ്ഞുനോട്ടത്തിന് പേരുകേട്ട സുധാകരനും വിനയാന്വിതന്മാരായ സി.കെ. ശശിയും എ.സി. മൊയ്തീനും മുതല്‍ സ്വാഗതപ്രസംഗം വരെ പ്രബന്ധാവതരണമാക്കുന്ന എമണ്ടന്‍ ബുദ്ധിജീവികളുമെല്ലാം കൂടി സര്‍ക്കാരിന് ഉണ്ടാക്കിത്തരുന്ന പേരും പെരുമയും പോരാതെയാണ് ആരോഗ്യവകുപ്പുമന്ത്രിയുടെ യോഗാപ്രകടനം. ശുഭ്രവസ്ത്രധാരികളായി നൂറുകണക്കിനാളുകള്‍ പത്മാസനം ചെയ്യുന്ന നിരയില്‍ ഒരു പെണ്‍പിണറായിപ്പകിട്ടില്‍ മന്ത്രിയുടെ ഇരിപ്പുകണ്ടാല്‍ ആരപ്പാ ഇതെന്ന് ആരും ചോദിച്ചുപോകും. ഭാവവും പെരുമാറ്റവും കൊണ്ട് അതിനുത്തരം സലിംകുമാര്‍ മോഡലില്‍ ഇതാണ്. ‘ഉത്തരമലബാറിലെ മഹാറാണി. പേര് ശൈലജ.’ ആള് ടീച്ചറാണ്. പഠിപ്പിക്കുന്നതിനേക്കാള്‍ പഠിപ്പുമുടക്കിക്കുന്നതില്‍ താല്‍പര്യം കൂടിയപ്പോഴാണ് വിരമിക്കാന്‍ ഏഴുകൊല്ലം ബാക്കിനില്‍ക്കെ ആ പണിയില്‍ നിന്ന് സ്വയം വിരമിച്ചത്. പിന്നെ പൂര്‍ണസമയം രാഷ്ട്രീയം. ഇരിട്ടിയിലെ മാടത്തിക്കാരിയാണ് മൂപ്പത്തി. ആര്‍എസ്എസുകാരോടുള്ള അമിതപ്രേമം മൂലം സംഘം എന്നുകേള്‍ക്കുന്നതേ മൂപ്പത്തിയാര്‍ക്ക് അലര്‍ജിയാണ്. വന്നുവന്ന് സഹകരണസംഘം, സ്വാശ്രയസംഘം എന്നൊക്കെ കേള്‍ക്കുന്നതുതന്നെ സഹിക്കാന്‍വയ്യാതായിട്ടുണ്ട്. അപ്പോഴാണ് യോഗാദിനാചരണമെന്ന് പറഞ്ഞിട്ട് സങ്ഗച്ഛധ്വം സംവദത്വം... എന്നൊക്കെ വിളിച്ചുകൂവുന്നത്. സംഗതി കേട്ടപ്പോഴോ ടീച്ചറിന്റെ മോന്തായം വക്രിച്ചു. കുരിശുകണ്ട ചെകുത്താനെപ്പോലായി അവസ്ഥ. നിക്കണോ പോണോ എന്ന ആശങ്ക വേറെയും... ആയുഷ് വകുപ്പിന്റെ യോഗാപരിപാടിയിലാണ് ഇത്. വേദിയില്‍ത്തന്നെ സംസ്‌കൃതത്തില്‍ ഒരു കീര്‍ത്തനമോ മറ്റോ കേട്ടു. പതഞ്ജലീന്നോ പ്രാഞ്ജലീന്നോ ഒക്കെ. അപ്പൊഴേ വശക്കേട് തോന്നിയതാണ്. അതുകൊണ്ട് ഉദ്ഘാടനപ്രസംഗത്തില്‍ത്തന്നെ പിണറായിസ്റ്റൈലില്‍ നയം വ്യക്തമാക്കിയതാണ് ടീച്ചര്‍. യോഗ ചെയ്യുന്നതിന് മനസ്സ് ഏകാഗ്രമാകണം. അത് എല്ലാവരുടെയും അവകാശമാണ്. മതപരമല്ല യോഗ. മതേതരമാകണം. എന്നാലേ എല്ലാവര്‍ക്കും അതുചെയ്യാനാകൂ എന്നൊക്കെ... എന്നിട്ടും താന്‍ മന്ത്രിയായിരിക്കെ തന്നെക്കൂടി വിളിച്ചിരുത്തിയിട്ട് കുറേ പിള്ളേര്‍ സംഘത്തിലേക്ക് പോണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആവുമോ... സംഗതി സംസ്‌കൃതമായാല്‍ തനിക്കുമനസ്സിലാകില്ലെന്നാണ് ഇവറ്റകളുടെ ധാരണ. ഐകമത്യസൂക്തമാണത്രെ.... ഇതുതന്നെയാണ് പാര്‍ട്ടി കുറേനാളായി പറയുന്നത്. സംഘത്തിലേക്കുപോകണമെന്നാണ് ഐക്യജനാധിപത്യമുന്നണിക്കാരുടെയൊക്കെ നിലപാട്. അവരുതമ്മില്‍ ധാരണയാണെന്നതിന്റെ തെളിവാണ് ഈ കീര്‍ത്തനം. അല്ലെങ്കില്‍ ഐകമത്യസൂക്തത്തില്‍ സംഘം വരേണ്ട കാര്യമില്ല. സംഭവം മന്ത്രിയെ വല്ലാതെ അലോസരപ്പെടുത്തി. യോഗ മതേതരമായാലും അല്ലെങ്കിലും അത് ചെയ്യുമ്പോള്‍ മനസ് ശാന്തമാകണം. മുഖം പ്രസന്നമാകണം. പിണറായി വിജയന്റെ പള്ളിക്കൂടത്തില്‍നിന്ന് പുറത്തിറങ്ങിയ ഒരാളുടെയും മുഖത്ത് ഒരിക്കലും വിരിയാനിടയില്ലാത്ത ഭാവങ്ങളാണിത്. എന്നിട്ടും യോഗ എന്നൊക്കെ പറഞ്ഞ് പിന്നാലെ പോകുന്നത് മോദി ഇഫക്ടിന്റെ പൊട്ടും പൊടിയുമൊക്കെ തട്ടിത്തടവി കൊട്ടയിലാക്കാമെന്ന രാഷ്ട്രീയലാക്ക് ഒന്നുമാത്രംകൊണ്ടാണ്. അതിനിടയില്‍ ഇമ്മാതിരി ശ്ലോകങ്ങളൊക്കെയാണ് ഒരു തടസ്സം. സംഭവം വിവാദമായപ്പോള്‍ ശൈലജമന്ത്രി പറയുന്നത് സംഗതി എന്താണെന്ന് ചോദിക്കുകമാത്രമാണ് ഉണ്ടായത് എന്നാണ്. യോഗ മതേതരമാകണമെന്ന് താന്‍ പറഞ്ഞതുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞതെന്നും അവര്‍ തട്ടിവിട്ടു. മന്ത്രിമാരുടെ കൂട്ടത്തില്‍ അല്‍പസ്വല്‍പം വിദ്യാഭ്യാസവും വിവരവുമുണ്ട് ടീച്ചര്‍ക്കെന്നായിരുന്നു പൊതുധാരണ. സംസ്‌കൃതത്തിലെ പിടിപാട് യോഗദിനാചരണത്തോടെ വ്യക്തമായതാണ്. ഹിന്ദിയിലും നല്ല വിവരമാണെന്ന് പ്രധാനമന്ത്രിയെ കൂട്ടുപിടിച്ചതോടെ മാലോകര്‍ക്ക് ബോധ്യമായിട്ടുണ്ട്. എന്തായാലും ടീച്ചറുടെ രാഷ്ട്രീയഗുരു സാക്ഷാല്‍ പിണറായി വിജയന്‍ പങ്കെടുത്ത മതേതരയോഗയാണ് കസറിയത്. ആകെ ചുവപ്പുമയമായിരുന്നു. മതേതരയോഗയുടെ യമനിയമാദികളെക്കുറിച്ച് സഖാവ് വിജയന്‍ ക്ലാസെടുത്തു. അതിനുശേഷമായിരുന്നു മതേതരയോഗാചാര്യനായി മാര്‍ക്‌സിസ്റ്റുകള്‍ കണ്ടെടുത്ത കൊല്ലം ബിഷപ്പ് റൈറ്റ്. റവ. ഫാ. സ്റ്റാന്‍ലി റോമന്റെ ഗിരിപ്രഭാഷണം. സൂര്യനമസ്‌കാരത്തിന്റെ പേര് മാറ്റി യേശുനമസ്‌കാരമാക്കിയ കൂട്ടരുടെ ആചാര്യനാണ്. സെമിനാരികളിലും മറ്റും യോഗ അഭ്യസിക്കുന്നതിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് ബിഷപ്പ് യോഗയുടെ പ്രത്യേകതകള്‍ വിവരിച്ചത്. കുരിശിന്റെ വഴിയേ ബിഷപ്പ് യോഗയെ ആനയിച്ചിട്ടും ചെകുത്താന് ആശങ്കയുണ്ടായില്ലെന്ന് സാരം... മതേതരയോഗയുടെ മതം ശൈലജ ടീച്ചര്‍ക്ക് തിരിയുന്നുണ്ടാവുമല്ലോ അല്ലേ.