മൂലമറ്റം: റോഡ് പണി പൂര്‍ത്തിയാകാത്തതിനാല്‍ ചെളിക്കല് കുമ്പങ്ങാനം നിവാസികള്‍ ദുരിതത്തില്‍.അറുപതോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. മൂലമറ്റം വാഗമണ്‍ സംസ്ഥാന പാതയെ കാഞ്ഞാര്‍ പുള്ളിക്കാനം റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. ഇലപ്പള്ളി ചെളിക്കല് കവലയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമുള്ള റോഡ് ചെന്നെത്തുന്നത് പുള്ളിക്കാനം നല്ല തണ്ണിയിലാണ്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എര്‍ത്ത് വര്‍ക്ക് പൂര്‍ത്തിയായിട്ട് പത്ത് വര്‍ഷമായി.നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമാണ്.സാധാരണക്കാരും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമായ ചെളിക്കല് നിവാസികള്‍ പുറം ലോകവുമായി ബന്ധപ്പെടുന്നത് കാല്‍നടയാത്ര ചെയ്താണ്. വിദ്യാര്‍ത്ഥികളും നാട്ടുകാരും കിലോമീറ്ററുകള്‍ നടന്ന് ചെളിക്കല് കവലയിലെത്തിയാണ് മറ്റ് വാഹനങ്ങളില്‍ കയറുന്നത്. ജനസമ്പര്‍ക്ക പരിപാടിക്കെത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിക്ക് നാട്ടുകാര്‍ പരാതി നല്‍കിയതാണ്. റോഡ് സൗകര്യമില്ലാത്തതിനാല്‍ അനേകം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ചെളിക്കല് എസ്റ്റേറ്റ് പൂട്ടിയതായി തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: