മാവേലി സ്‌റ്റോര്‍ - ബൈപ്പാസില്‍ അനധികൃത പാര്‍ക്കിങ്

Saturday 2 July 2016 8:03 pm IST

കട്ടപ്പന: മാവേലി സ്‌റ്റോര്‍ - ബൈപ്പാസ് റോഡിന്റെ  ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക്  ചെയ്യുന്നതിനാല്‍ സമീപത്തെ വീടുകളിലേക്ക് കടന്നുപോകാന്‍ കഴിയുന്നില്ല. മാവേലി സ്‌റ്റോര്‍-ബൈപ്പാസ് റോഡ്, ഐടിഐ ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസം പതിവാണ്. കഴിഞ്ഞ ദിവസം രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ഇവിടെ കുടുങ്ങിയിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ബിവറേജസ് വില്‍പ്പന ശാലയില്‍ നിന്നു മദ്യം വാങ്ങുന്ന ചിലര്‍ വാഹനങ്ങളിലും റോഡരികിലും മദ്യം കഴിക്കുന്നതായും പാന്‍മസാല മുതലായ ഉല്പ്പന്നങ്ങളും ഏജന്റുമാര്‍ മുഖാന്തിരം വില്‍പ്പന നടത്തുന്നതായി പരാതിയുണ്ട്. സന്ധ്യയായാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അനധികൃത പാര്‍ക്കിങ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നഗരത്തിലെ തിരക്കേറിയ പള്ളിക്കവല റോഡിലും അനധികൃത പാര്‍ക്കിങ് രൂക്ഷമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുള്ളവരാണ് കൂടുതലയായി ഈ റോഡിനെ ആശ്രയിക്കുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ ആയിരകണക്കിനു വിദ്യാര്‍ഥികളാണ് ഇതുവഴി പോകുന്നത്. നടപ്പാത സ്വകാര്യ വാഹനങ്ങള്‍ കൈയടക്കിയതോടെ വിദ്യാര്‍ഥികളടക്കം റോഡിലൂടെ പോകേണ്ട സ്ഥിതിയാണ്. ഇതു അപകടങ്ങള്‍ക്കും കാരണമാകുന്നു. പോലീസ് എപ്പോഴും ഈ സ്ഥലങ്ങളിലുണ്ടെങ്കിലും അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.