ഹൈക്കോടതിയില്‍ പത്തു തെരഞ്ഞെടുപ്പ് ഹര്‍ജി കൂടി

Saturday 2 July 2016 9:52 pm IST

കെ. സുരേന്ദ്രന്റെ ഹര്‍ജിയും ഫയലില്‍ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ പത്ത് ഹര്‍ജികള്‍ കൂടി സമര്‍പ്പിച്ചു. കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി. വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ് തുടങ്ങിയവരുള്‍പ്പെടെ പത്തുപേരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജികളാണ് ഇന്നു സമര്‍പ്പിച്ചത്. കെ.എം. മാണിക്കെതിരെ രണ്ടു ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കെ.എം. മാണിക്കെതിരെ എല്‍ഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും വോട്ടറായ കെ.സി. ചാണ്ടിയുമാണ് ഹര്‍ജികള്‍ നല്‍കിയത്. വൈദ്യുതി, വീട്ടുവാടകയിനങ്ങളില്‍ കുടിശ്ശികയില്ലെന്ന് സേവന ദാതാക്കള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം കെ.എം. മാണി സമര്‍പ്പിച്ചില്ലെന്നാണ് മാണി സി. കാപ്പന്റെ ആരോപണം. പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ് എന്നിവര്‍ സ്വത്തു വിവരം മറച്ചുവെച്ച് പത്രിക നല്‍കിയെന്നാണ് പരാതി. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങര സ്വദേശി മുജീബും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജി. ശിവകുമാറും ഇരിക്കൂറില്‍ കെ.സി. ജോസഫിനെതിരെ സ്വതന്ത്രന്‍ എ.കെ. ഷാജിയുമാണ് ഹര്‍ജി നല്‍കിയത്. കോട്ടയം വടവാതൂര്‍ സ്വദേശിയായ കെ.സി. ജോസഫ് ശരിയായ മേല്‍വിലാസം മറച്ചുവെച്ച് ഇരിക്കൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട വ്യക്തിയാണെന്ന് പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്. ഇസ്‌ലാം മത വിശ്വാസിയല്ലാത്തയാള്‍ക്ക് വോട്ടു ചെയ്യരുതെന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് അഴീക്കോട് നിന്നു ജയിച്ച കെ.എം. ഷാജിക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാര്‍ ഹര്‍ജി നല്‍കി. കരുനാഗപ്പള്ളിയില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി ആര്‍. രാമചന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.ആര്‍. മഹേഷാണ് ഹര്‍ജി നല്‍കിയത്. പീഡനക്കേസിലെ പ്രതികളെ താന്‍ രക്ഷിച്ചുവെന്ന് കള്ളപ്രചരണം നടത്തിയെന്നാണ് മഹേഷിന്റെ പരാതി. കൊടുവള്ളിയില്‍ കാരാട്ട് അബ്ദുള്‍ റസാഖ് എംഎല്‍എയ്‌ക്കെതിരെ വോട്ടര്‍മാരായ കെ.പി. മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ലീഗിന്റെ സ്ഥാനാര്‍ത്ഥി എം.എ. റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോദൃശ്യങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചെന്നാണ് ആക്ഷേപം. മങ്കടയില്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തയെന്ന പേരില്‍ തിരഞ്ഞെടുപ്പു ബുള്ളറ്റിന്‍ ഇറക്കിയെന്നാരോപിച്ച് ടി.എ. അഹമ്മദ് കബീറിനെതിരെ ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. ടി.കെ. റഷീദലിയാണ് ഹര്‍ജി നല്‍കിയത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരെയ്ക്കു വേണ്ടി കെസിബിസിയുടെ പേരില്‍ നോട്ടീസിറക്കിയെന്നും കേടായ വോട്ടിംങ് യന്ത്രത്തിലെ വോട്ടുകള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദ്ദേശം പാലിക്കാതെ മറ്റൊരു യന്ത്രത്തിലേക്ക് മാറ്റിയെണ്ണിയെന്നും ചൂണ്ടിക്കാട്ടി ഇടതു സ്ഥാനാര്‍ത്ഥി മേരി തോമസ്സാണ് ഹര്‍ജി നല്‍കിയത്. 43 വോട്ടിനാണ് അനില്‍ അക്കരെ ജയിച്ചത്. മഞ്ചേശ്വരത്ത് മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയുമടക്കം 291 കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ ഹര്‍ജിയില്‍ പറയുന്നു. വിദേശത്തുള്ളവരുടെ പേരില്‍ മാത്രം 197 കള്ള വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് തോറ്റത്. കള്ളവോട്ടുകള്‍ ഒഴിവാക്കിയാല്‍ വിജയം തനിക്കാണെന്നും അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പു റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.