ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് മലയാളി വിദ്യാര്‍ത്ഥി രജത് മേനോന് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് മലയാളികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വൈകിട്ട് മയൂര്‍ വിഹാര്‍ പോക്കറ്റ് എ ഒന്നിലെ പൂക്കളം പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
അയ്യായിരത്തോളം പേര് പങ്കെടുത്ത പ്രതിഷേധ സംഗമത്തില്‍ കൊലപാതകത്തില്‍ പോലീസ് പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മേളനത്തിനു ശേഷം മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടത്താന്‍ സമരക്കാര്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പോലീസിന്റെ ഇടപെടല്‍ മൂലം അത് നടന്നില്ല.
മയൂര്‍ വിഹാര്‍ ഫേസ് ത്രീ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്, ജനസംസ്കൃതി, ഡിഎംഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.
മോഷ്ടിക്കാന്‍ ശ്രമിച്ചൊന്നാരോപിച്ച് രജത്തിനെ കഴിഞ്ഞ മാസം 29ന് ഒരു സംഘം പാന്‍മസാല വില്പനക്കാര് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: