നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നു കാലവര്‍ഷക്കെടുതി : മലയോരത്തുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം : വീടുകള്‍ തകര്‍ന്നവരുള്‍പ്പെടെ ദുരിതത്തില്‍

Sunday 3 July 2016 7:15 pm IST

കണ്ണൂര്‍: മലയോരത്ത് കാര്‍ഷിക മേഖലയിലുണ്ടായത് ലക്ഷങ്ങളഉടെ നഷ്ടം. കാലവര്‍ഷക്കെടുതിക്ക് ഇരയായവര്‍ക്കുളള നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നു. വീട് തകര്‍ന്നവര്‍ കിടന്നുറങ്ങാന്‍ ഇടംപോലുമില്ലാതെ മലയോരത്തെ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ഉള്ളവരുള്‍പ്പടെ ദുരിതത്തില്‍. കണ്ണൂരില്‍ നിന്നുളള മന്ത്രിമാരോ ജനപ്രതിനിധികളോ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ സന്ദര്‍ശനം നടത്താനോ ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കാണാനോ പരാതി കേള്‍ക്കാനോ തയ്യാറാവാഞ്ഞത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കനത്ത മഴയിലും കാറ്റിലും ഉരുള്‍പൊട്ടലിലും ജില്ലയിലെ മലയോരമേഖലയിലുഉണ്ടായിട്ടുളളത്. കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുളളത്. ഇത് വായ്പ വാങ്ങി കൃഷി ചെയ്ത കര്‍ഷകരെ ഉള്‍പ്പെടെ കഷ്ടപ്പാടിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്. നഷ്ടങ്ങളുടെ വ്യക്തമായ കണക്കുപോലും ഇതുവരെ റവന്യു വകുപ്പ് തയ്യാറാക്കിയിട്ടില്ല. സാധാരണ കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്ക് ഉടന്‍ അടിയന്തിര ധനസഹായം അനുവദിക്കാറുണ്ട്. എന്നാല്‍ ഒരാഴ്ചയിലധികം പിന്നിട്ടിട്ടും അധികൃതര്‍ ദുരിതബാധിതര്‍ക്ക് യാതൊരുവിധ സഹായവും നല്‍കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കനത്ത മഴക്ക് ആശ്വാസമായെങ്കിലും ഇനിയും മലയോരത്തെ ദുരിതങ്ങള്‍ ശമിച്ചിട്ടില്ല. മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.