കുട്ടനാട് അഴിമതി പാക്കേജ്

Sunday 3 July 2016 9:42 pm IST

ഡോ.എം.എസ്.സ്വാമിനാഥന്‍ മുന്‍കൈയെടുത്ത് കുട്ടനാടിനെ രക്ഷിക്കാന്‍, നാശോന്മുഖമായ കാര്‍ഷികമേഖലയെ രക്ഷിക്കാനായിട്ടാണ് കുട്ടനാട് പാക്കേജ് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കുട്ടനാടിന്റെ നശിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ഉന്നമനം ലക്ഷ്യമാക്കി നടത്തിയ പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് 1840 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് വേണ്ടത്ര വിഭവങ്ങള്‍ പ്രകൃതി കനിഞ്ഞു നല്‍കിയിട്ടും ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. കുട്ടനാട് തണ്ണീര്‍ത്തട വികസനം ലക്ഷ്യംവച്ചത് ആലപ്പുഴ ജില്ലയിലെ നാല് ലക്ഷം വരുന്ന ജനസംഖ്യയില്‍ ഒന്നരലക്ഷത്തിലധികം വരുന്ന, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കര്‍ഷകരുടെ സ്ഥായിയായ ഉന്നമനമാണ്. കുട്ടനാട് തണ്ണീര്‍ത്തട ഏരിയ 73 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നുണ്ട്. കുട്ടനാടിന്റെ പലഭാഗങ്ങളും 1.2 മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍വരെ സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതിചെയ്യുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലാന്റിന് സമാനമായ ഭൂപ്രദേശമാണ് കുട്ടനാട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുട്ടനാടന്‍ പ്രദേശം കാടുകളായിരുന്നു. പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍പോലെ കണ്ടല്‍കാടുകളുടെ ശേഖരമായിരുന്ന ഈ വനപ്രദേശം കരിച്ചെടുക്കുകയായിരുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പലതും കരിനിലങ്ങളായി അറിയപ്പെടുന്നത് ഇവിടെനിന്ന് ഇന്നും പലപ്പോഴും കത്തിക്കരിഞ്ഞ തടിക്കഷ്ണങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ്. കാട്ടുതീമൂലം ഇടതൂര്‍ന്ന വനപ്രദേശം ചൂട് കരിഞ്ഞുണ്ടായതിനാലാണ് ഈ പ്രദേശം ചുട്ടനാട് എന്ന് അറിയപ്പെട്ടത്. ചുട്ടനാട് പിന്നീട് കുട്ടനാടായി മാറിയെന്നാണ് ചരിത്രം. കുട്ടനാട്ടിലെ പല സ്ഥലങ്ങളുടെ പേരുകളും അതുകൊണ്ടുതന്നെ 'കരി' എന്നാണ് അവസാനിക്കുന്നത്. രാമന്‍കരി, മാമ്പഴക്കരി, ചെമ്മനാക്കരി, കൈനക്കരി, ഊരുകരി, അമിച്ചക്കരി എന്നിവ ചിലതുമാത്രം. കുട്ടനാടന്‍ തണ്ണീര്‍ത്തടം ഉള്‍ക്കൊള്ളുന്ന വേമ്പനാട്ടുകായലില്‍ പമ്പയാര്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിങ്ങനെ നിരവധി പുഴകളാണ് ശുദ്ധജലവും ധാതുലവണങ്ങളുമായി വന്നുചേരുന്നത്. കുട്ടനാട്ടിലെ കാര്‍ഷികമേഖലയെ എഫ്എഒ (ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ലോകത്തിലെ പ്രാധാന്യമേറിയ പൈതൃക കാര്‍ഷിക സിസ്റ്റമായിട്ട് അംഗീകരിച്ചിട്ടുള്ളതാണ്. കുട്ടനാടിനെ കേരളത്തിന്റെ 'നെല്ലറ'യായിട്ടാണ് കണക്കാക്കിവരുന്നത്. കുട്ടനാട്ടില്‍ നാം ഇന്നുകാണുന്ന രീതിയിലുള്ള കൃഷി സമ്പ്രദായങ്ങള്‍ രൂപപ്പെട്ടത് 19-ാം നൂറ്റാണ്ടിലാണ്. 1865 മുതല്‍ നികത്തിയെടുത്ത പാടശേഖരങ്ങളാണ് കുട്ടനാട്ടിലെ കായല്‍നിലയങ്ങള്‍. ആഴം കുറഞ്ഞ വേമ്പനാട്ട് കായല്‍ഭാഗങ്ങളാണ് കൃഷിക്ക് പറ്റിയതാക്കിയത്. തോട്ടപ്പിള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും കുട്ടനാട്ടിലെ കൃഷി ഇരുപൂ കൃഷിയാക്കുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്ന് ജില്ലകളില്‍ പരന്നുകിടക്കുന്ന ഭൂവിഭാഗമാണ് കുട്ടനാട്ടിലേത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളാണിവ. നെല്‍കൃഷിയ്ക്കായി കുട്ടനാട്ടില്‍ 110000 ഹൈക്ടര്‍ ഭൂമി കായല്‍നിലമായി വേമ്പനാട്ടു കായലില്‍നിന്ന് നികത്തിയെടുത്തതായി കണക്കാക്കപ്പെടുന്നു. കടലില്‍നിന്നും കായലില്‍നിന്നും കുട്ടനാട്ടിലേക്ക് വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറിവരുന്നതിന് പ്രധാനമായും മൂന്ന് ചാനലുകളുണ്ട്. തണ്ണീര്‍മുക്കം ബണ്ട്, തൃക്കുന്നപ്പുഴ പൂട്ട്, അന്തകാരനഴി എന്നിവയാണവ. നെല്‍കൃഷി, മത്സ്യകൃഷി, താറാവുവളര്‍ത്തല്‍, വിനോദസഞ്ചാരം, പരിസ്ഥിതി സന്തുലനം, പ്രളയമാനേജ്‌മെന്റ്, സാംസ്‌കാരിക മേഖല, ദേശാടന പക്ഷികള്‍, കണ്ടല്‍കാടുകള്‍, തെങ്ങ് കൃഷി തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി കുട്ടനാട് ഭൂവിഭാഗം മനുഷ്യനേയും ഇക്കോളജിയെയും സേവിച്ചുവരുന്നു. മഴക്കാലങ്ങളില്‍ വെള്ളപ്പൊക്ക പീഡിതപ്രദേശങ്ങളുടെ തോത് കുറയ്ക്കുന്നതില്‍ കുട്ടനാടന്‍ കായല്‍നിലങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കാണുള്ളത്. ജനങ്ങളുടെ ജീവിതവും വരുമാനവും ഭക്ഷണവും സംസ്‌കാരവുംവരെ നിയന്ത്രിക്കുന്നതില്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് അവര്‍ണനീയമായ പങ്കാണുള്ളത്. പനമ്പ്, തെങ്ങിന്‍തടി, ചെളി എന്നിവ ഉപയോഗിച്ച് 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ വീതിയില്‍ മതില്‍പോലെ മടകെട്ടി അകത്തുനിന്നും വെള്ളം പമ്പ് ചെയ്തിട്ടാണ് കൃഷിയിറക്കുന്നത്. പണ്ടുകാലത്ത് കായലിന്റെ ആഴംകുറഞ്ഞ സ്ഥലങ്ങളില്‍നിന്നും ചക്രം ചവുട്ടിയാണ് വെള്ളം വറ്റിച്ചിരുന്നത്. ഇത് വളരെ ആയാസകരവും ശ്രമകരവുമായ മനുഷ്യാദ്ധ്വാനമായിരുന്നു. ശാസ്ത്രം പുരോഗമിച്ചിട്ടും നൂതന കൃഷിരീതികള്‍ ഭാരതത്തിന് സ്വന്തമായിട്ടുണ്ടായിട്ടും പ്രകൃതിയുടെ വരദാനമായ കുട്ടനാടന്‍ തണ്ണീര്‍ത്തടവും അവിടുത്തെ കൃഷിയും ഇക്കോളജിയും പ്രാദേശിക കാലാവസ്ഥയും തിരിച്ചെടുക്കാനാവാത്തവിധം മാറിക്കൊണ്ടിരിക്കയാണ്. അന്താരാഷ്ട്ര കരാര്‍വഴി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്ന റാംസാര്‍ കരാറില്‍ ഭാരതം ഒപ്പുവെച്ചിട്ടും, വേമ്പനാട് കായല്‍ റാംസാര്‍ കരാറിന്റെ ഭാഗമായിട്ടും കുട്ടനാടന്‍ തണ്ണീര്‍ത്തടങ്ങള്‍ സര്‍വനാശം നേരിടുന്നത് തടയുവാനാണ് ഡോ.എം.എസ്.സ്വാമിനാഥന്‍ മുന്‍കൈയെടുത്ത് എംഎസ്ആര്‍എഫ് (എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍) ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റെ പ്രകൃതി സംരക്ഷിക്കുക, ജനങ്ങളുടെ ദാരിദ്ര്യം അകറ്റുക, കൃഷി സംരക്ഷിക്കുകയെന്ന ഉദ്ദേശ്യങ്ങളോടെ 2007 ല്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടനാട്ടിലെ പ്രധാന പ്രശ്‌നങ്ങളായി അവര്‍ കണ്ടെത്തിയത് താഴെ പറയുന്നവയാണ്. മടവീണ് കൃഷി നാശം, വെള്ളപ്പൊക്കം മൂലമുള്ള കൃഷി നാശം, ബണ്ടുകളുടെ ബലക്ഷയം, ഉപ്പുവെള്ളക്കയറ്റം, രൂക്ഷമായ ശുദ്ധജലക്ഷാമം, കുട്ടനാട്ടിലെ ജലനെറ്റ്‌വര്‍ക്കിലെ തടസ്സങ്ങള്‍, വേമ്പനാട്ട് കായല്‍ തീരത്തെ നികത്തല്‍ മൂലം കായല്‍ ചുരുങ്ങിവരുന്നത്, ജലത്തിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള തോടുകളുടെയും ഉപതോടുകളുടെയും രൂപമാറ്റം വരുത്തല്‍, ഒഴുക്കിന്റെ ദിശമാറ്റല്‍, കാര്‍ഷികമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളും മൂലമുള്ള രൂക്ഷമായ മലിനീകരണം, തണ്ണീര്‍മുക്കം ബണ്ട് മൂലമുള്ള ജലത്തിന്റെ വേലിയേറ്റ-വേലിയിറക്ക ഒഴുക്കിന് തടസ്സം, ബണ്ടിന്റെ അശാസ്ത്രീയ പ്രവര്‍ത്തനം, ജലമലിനീകരണം മൂലം ഉണ്ടാകുന്ന മനുഷ്യന്റെ ആരോഗ്യപ്രശ്‌നങ്ങള്‍, മത്സ്യരോഗങ്ങള്‍, നീര്‍ക്കോഴിപോലുള്ള തണ്ണീര്‍ത്തട പക്ഷികളുടെ നാശം, ദേശാടന പക്ഷികളുടെ വരവിലെ കുറവ്, സ്വദേശി-വിദേശികളുടെ അത്യധികമായ അധിനിവേശം, പാടശേഖരങ്ങളിലെ കള വര്‍ധന, നെല്‍ച്ചെടികളുടെ പുതിയ രോഗങ്ങള്‍, നാളികേര കൃഷിനാശം, വേമ്പനാട് കായല്‍ തീരം-കായംകുളം കായല്‍ തീരം എന്നിവിടങ്ങളിലെ കണ്ടല്‍ക്കാട് നാശം, നെല്‍കൃഷി ലാഭകരമല്ലാതാവുന്നത്. ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍, അനിയന്ത്രിതമായ നികത്തല്‍മൂലം കുട്ടനാടിന് വന്ന രൂപമാറ്റം, ജലടൂറിസത്തിന്റെ അതിപ്രസരംമൂലമുള്ള മലിനീകരണവും മടഇടിയലും, പാടശേഖരങ്ങളില്‍ തളിക്കുന്ന കീടനാശിനികളും അത്യധിക രാസവളപ്രയോഗം മൂലമുള്ള രാസമാലിന്യങ്ങളും തണ്ണീര്‍മുക്കംബണ്ട് അടച്ചിടുന്നതുകൊണ്ട് പാടശേഖരങ്ങളില്‍ തങ്ങിനില്‍ക്കല്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളെയാണ് കുട്ടനാട് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍നിന്നെല്ലാം രക്ഷിക്കുവാനുള്ള ശാസ്ത്രീയ പദ്ധതിയാണ് കുട്ടനാടന്‍ പാക്കേജായി വിഭാവനം ചെയ്തത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ പുരോഗതി ലാക്കാക്കി 2008 ല്‍ മൂന്നുഘട്ടങ്ങളായി നടപ്പാക്കുവാനായി പാസ്സാക്കിയ കുട്ടനാട് പദ്ധതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അജ്ഞതയും അഴിമതിയും സമയാസമയങ്ങളില്‍ കണക്കുകള്‍ ഹാജരാക്കാത്തതുമൂലം കേന്ദ്രവിഹിതം നഷ്ടപ്പെടുത്തിയതായി വാര്‍ത്ത വന്നിരിക്കുന്നു. 2010 ല്‍ തുടങ്ങിയ കുട്ടനാട് തണ്ണീര്‍ത്തട ഇക്കോസിസ്റ്റ സംരക്ഷണ പദ്ധതിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കേരളത്തിന് നാണക്കേടായി മാറിയ അഴിമതിക്കഥകളാണ് പുറത്തെത്തിച്ചിരിക്കുന്നത്. പുറംബണ്ട് കെട്ടിയതിലെ അഴിമതി മൂലം കോടികളാണ് പാഴായിപ്പോയത്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് കാലങ്ങളായി കൃഷിയില്ലാത്ത സ്ഥലങ്ങളില്‍ പോലും സ്വകാര്യ റിസോര്‍ട്ടുകാര്‍ക്കുവേണ്ടി ബണ്ട് നിര്‍മാണത്തിനുള്ള പാക്കേജുമായി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ പോലും ചെലവഴിച്ചതായി കണ്ടെത്തിയിരിക്കുന്നു. പോള നീക്കംചെയ്യുന്നതിനും കളനശീകരണത്തിനുമായി കോടികള്‍ അനാവശ്യമായി ചെലവഴിച്ചതായി കണക്കുകളുണ്ട്. പദ്ധതി നടത്തിപ്പ് ശാസ്ത്രീയമായി ചെയ്തിട്ടില്ലെന്നതാണ് സത്യം. വിഭാവനം ചെയ്ത ആടുകള്‍ വിതരണം ചെയ്യുന്നതിനു പകരം താറാവിനെ നല്‍കിയതായും താറാവുകള്‍ രോഗം ബാധിച്ച് ചത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വളരെ ശാസ്ത്രീയമായി നടപ്പിലാക്കേണ്ട പല പണികളും അശാസ്ത്രീയമായി നടപ്പാക്കി ഖജനാവിന് വന്‍ നഷ്ടം വരുത്തിത്തീര്‍ത്തിരിക്കുന്നു. ജനങ്ങളുടെ ദുരിതത്തിന് ലവലേശം കുറവുണ്ടായിട്ടില്ലെന്നുമാത്രമല്ല കുട്ടനാട് പാക്കേജ് വഴി ഇക്കോസിസ്റ്റത്തിന് സംഭവിച്ചിരിക്കുന്ന കെടുതിക്ക് പരിഹാരം ഉണ്ടാകുമെന്ന ജനങ്ങളുടെ വിശ്വാസംപോലും നഷ്ടപ്പെട്ട നിലയിലായി. ഒപ്പം ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ പലതും അടഞ്ഞത് മിച്ചം! ചെറുകിട നാമമാത്ര ഭൂമിക്ക് ഉടമകളായ കര്‍ഷകര്‍, ഭൂമിയില്ലാത്ത തൊഴിലാളികള്‍, മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവര്‍ എന്നിവരെല്ലാം കുട്ടനാടന്‍ പാക്കേജിന്റെ പാളിച്ചമൂലം ദുരിതമനുഭവിക്കുന്നവരായി മാറിയിരിക്കുന്നു. ഓരുവെള്ളക്കയറ്റ മാനേജ്‌മെന്റ്,വെള്ളപ്പൊക്ക മാനേജ്‌മെന്റ്, മലിനീകരണ നിയന്ത്രണം, കുടിവെള്ള വിതരണം, രോഗപ്രതിരോധ നടപടികള്‍ എന്നിവയും കര്‍ഷകര്‍ക്കുള്ള സഹായങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടവയാണ്. ഈ പാക്കേജ് ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ വളരെ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന്റെ പോരായ്മകളാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിക്കൊണ്ടിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപന കുറവ് പാക്കേജ് നടപ്പാക്കുന്നതില്‍ ഒരളവുവരെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. 2016 ജൂണ്‍ മാസത്തില്‍ മടവീണ് വെള്ളപ്പൊക്കം നേരിടേണ്ടിവന്ന നൂറുകണക്കിന് ആളുകളുടെ ദുരിതമകറ്റാന്‍ കൃഷി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളം പമ്പുചെയ്യുവാന്‍ മോട്ടോറുകള്‍ എത്തിച്ചെങ്കിലും കറന്റ് ലഭ്യമാക്കുവാന്‍ വൈദ്യുതി വകുപ്പ് തയ്യാറാകാത്തതിനാല്‍ പമ്പിങ്ങ് നടത്താനാവാതെ വീടുകളില്‍ വെള്ളം കയറി കഷ്ടതയനുഭവിക്കേണ്ടിവരുകയും ചെയ്ത കാര്യം ഒരു ഉദാഹരണം മാത്രം. ഒരു കാര്യം തീര്‍ച്ചയായി. നമ്മുടെ നിലവിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അഴിമതി ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി കുട്ടനാട് പാക്കേജ് നടപ്പാക്കാനാകില്ല. ശാസ്ത്രീയമായി കുട്ടനാട് പാക്കേജ് നടപ്പാക്കണമെങ്കില്‍ ശാസ്ത്രജ്ഞന്മാരുടെ മേല്‍നോട്ടത്തില്‍ കര്‍ഷക പങ്കാളിത്തത്തോടെ സുതാര്യമായി നടപ്പാക്കണം. ഡോ.എം.എസ്.സ്വാമിനാഥന്റെ സ്വപ്‌നപദ്ധതിയായ കുട്ടനാട് കാര്‍ഷിക-തണ്ണീര്‍ത്തട ഇക്കോസിസ്റ്റം പദ്ധതിക്ക് പൂര്‍ണമായും എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനായി ഉദ്യോഗസ്ഥര്‍ നടത്തുന്ന പദ്ധതി നിര്‍വഹണം എന്ന പേരിലുള്ള ഗോഷ്ഠികള്‍ ദയവുചെയ്ത് നിര്‍ത്തണം. ലഭ്യമായ കേന്ദ്രസഹായം നേടിയെടുക്കാനും കുട്ടനാടിനെ രക്ഷിക്കുവാനും കേരളത്തിലെ പുതിയ സര്‍ക്കാരിന് ബാധ്യതയുണ്ട്. e-mail: jcheenikkal@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.