ഡിവൈഎഫ്‌ഐക്കാരന്‍ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

Sunday 3 July 2016 10:08 pm IST

മാനവ വേദ വിഷ്ണു

ഹരിപ്പാട്: കുത്തുകേസ്സില്‍ പ്രതിയായ ഡിവൈഎഫ്‌ഐക്കാരനെ പിടിക്കാനെത്തിയ പോലീസുകാരന് കുത്തേറ്റു. ഹരിപ്പാട് സ്റ്റേഷനിലെ സിപിഒ മനോജിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്ഷനിലായിരുന്നു അക്രമം.
ആനാരി ഒതളപ്പുഴ വീട്ടില്‍ മാനവ വേദ വിഷ്ണു (മാനവന്‍-24) ആണ് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായതിനാല്‍ പോലീസിനെ കുത്തിയ സംഭവം മറച്ചുവെയ്ക്കുകയും ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇതിനെതിരെ പോലീസിലെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പ്രതിക്കെതിരെ പോലീസുകാരനെ കുത്തിയ കേസ് കൂടി ചാര്‍ജ്ജു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മാനവനെ റിമാന്റ് ചെയ്തു. ഇതിനിടയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐയുടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തി.

ഒരു മാസം മുമ്പ് ഹരിപ്പാട് ടൗണില്‍ വിഷ്ണു എന്ന യുവാവിനെ മാനവന്‍, ശരത്, അനസ്, അരുണ്‍കൃഷ്ണന്‍ തുടങ്ങിയ ഡിവൈഎഫ്‌ഐക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ്സില്‍ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ടൗണ്‍ഹാള്‍ ജംഗ്ഷനിലെ ഒരു മൊബൈല്‍ കടയില്‍ ഇയാള്‍ കയറിയ വിവിരം പോലീസ് അറിയുന്നത്.

പോലീസിനെ കണ്ട് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച മാനവനെ പോലീസുകാരനായ മനോജ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം മാനവന്‍ കൈയിലുണ്ടായിരുന്ന കത്തിവീശി. തടഞ്ഞപ്പോള്‍ പോലീസുകാരന്റെ കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. പിടിയിലായ മാനവന്‍ പത്തനംതിട്ടയില്‍ ഷാപ്പുജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലും മറ്റ് നിരവധി കേസ്സുകളിലും പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.