ഭാരതപ്പുഴയില്‍ മണല്‍ ഓഡിറ്റിങ്ങ് നിലച്ചിട്ട് ഒരു പതിറ്റാണ്ട്‌

Sunday 3 July 2016 10:15 pm IST

വറ്റിവരണ്ട ഭാരതപ്പുഴ (ഫയല്‍ ചിത്രം)

തിരുവില്വാമല: ഭാരതപ്പുഴയില്‍ മണല്‍ ഓഡിറ്റിങ്ങ് നിലച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. പത്ത് നഗരസഭകളിലെയും 175 ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളത്തിന്റെ സ്രോതസ്സാണ് ഭാരതപ്പുഴ. ഏകദേശം 40 ലക്ഷത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ഭാരതപ്പുഴയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അനധികൃത മണലെടുപ്പ് മൂലം പുഴയിലെ വെള്ളം ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതുമൂലം വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളത്തിന് പലപ്പോഴും രൂക്ഷമായ ക്ഷാമം നേരിടുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ മറ്റു നദികളില്‍ മണല്‍ ഖനനത്തിന് സര്‍ക്കാര്‍ ഓഡിറ്റിങ്ങ് നടത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും നിളയെ അവയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അനിയന്ത്രിത മണലെടുപ്പ് മൂലം ഭാരതപ്പുഴയുടെ അടിത്തട്ടില്‍ മണല്‍ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉള്ളത്. ഇതുമൂലം പുഴയുടെ പലഭാഗത്തും കാടുകള്‍ രൂപപ്പെടുകയായിരുന്നു.അനധികൃത മണലെടുപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അതിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.
ഇതുമൂലം പുഴയുടെ സ്വാഭാവികമായ ഘടനതന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. പുഴയുടെ മിക്കഭാഗങ്ങളിലും മണലൂറ്റ് നിശ്ചിത ശതമാനവും കടന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.പലഭാഗത്തും പുഴയുടെ നീളവും വീതിയും കുറയുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുകയാണ്. നിശ്ചിത കടവുകളില്‍ നിന്നുമാത്രമെ മണലെടുക്കാവൂ എന്നാണ് ഉത്തരവുണ്ടായിരുന്നത്.
എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് പലഭാഗത്തും അനിയന്ത്രിതമായ രീതിയില്‍ മണലെടുപ്പ് നടന്നതാണ് ഭാരതപ്പുഴയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. 153 കടവുകളില്‍ നിന്നുമാത്രമെ മണലെടുക്കാവൂ എന്നായിരുന്നു നിയമം. ഇതിനെ മറികടന്ന് അനധികൃത കടവുകള്‍ പെരുകിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഇടപെടല്‍ മൂലമാണ് മണലെടുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്.
മണല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നദികളുടെ ഖനനം നിരോധിച്ചിരിക്കുകയാണ്. ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് രൂപ വിവിധ ഫണ്ടുകളിലായി നീക്കിവെച്ചിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ ഫലപ്രദമായി വിനിയോഗിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.