വീട് കുത്തിതുറന്ന് ഇലക്ട്രോണിക് സാധനങ്ങളും പണവും കവര്‍ന്നു

Sunday 3 July 2016 10:49 pm IST

കാട്ടാക്കട: വീട് കുത്തി തുറന്ന് ഇലക്ട്രോണിക് സാധനങ്ങളും, പണവും കവര്‍ന്നു. മൊളിയൂര്‍ വിജയമോഹന്റെ ഹരിശങ്കരം വീട്ടിലാണ് കവര്‍ച്ച നടന്നത്. അന്‍പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപെട്ടതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിജയമോഹനനും കുടുംബവും ശനിയാഴ്ച വൈകിട്ട് ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയതായി അറിഞ്ഞത്. വീടിന്റെ പിന്‍വശത്തെ ഇരുമ്പ് ഗ്രില്ലിലെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അടുക്കള വാതില്‍ കമ്പികൊണ്ട് കുത്തിയിളക്കി മാറ്റിയാണ് വീട്ടിനുള്ളില്‍ കടന്നത്. മുറികളിലെ അലമാരകള്‍ കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ വിലവരുന്ന വാച്ച്, ലാപ്‌ടോപ്, വെള്ളി പാദസ്വരങ്ങള്‍, അരഞ്ഞാണം എന്നിവ കള്ളന്‍ കൊണ്ടുപോയി. പൂജാമുറിയിലെ കാണിക്ക വഞ്ചി കുത്തിപൊളിച്ച് അതിലുണ്ടായിരുന്ന ആയിരത്തോളം രൂപയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവര്‍ന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കാട്ടാക്കട പോലീസും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.