ഒവൈസി രാജ്യത്തെ ഒറ്റുകൊടുത്തു: ബിജെപി

Sunday 3 July 2016 11:50 pm IST

ഹൈദരാബാദ്: വെള്ളിയാഴ്ച ഹൈദരാബാദില്‍ അറസ്റ്റിലായ ഐഎസ് ഭീകരര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് നേതാവ് ഒവൈസിയുടെ പ്രസ്താവന ഭീകരവാദികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് പോലെയാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇതിലൂടെ ഒവൈസി നേരിട്ടോ അല്ലാതെയോ ഭീകരവാദ സംഘടനയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന എല്ലാവരേയും അന്വേഷണ സംഘങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു. ഭീകരവാദത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാനാവില്ല, അസഹിഷ്ണുത വിവാദത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചവര്‍ ഇത്തരം വിഷയങ്ങളില്‍ എന്തുകൊണ്ടിപ്പോള്‍ നിശബ്ദത പാലിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും ശര്‍മ്മ ചോദിച്ചു. ഒവൈസിയുടെ പ്രസ്താവനയില്‍ നടപടി ആവശ്യവുമായി ബിജെപി എംഎല്‍എ ടി. രാജു സിങ്ങും രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച ദേശീയ അന്വേഷണ ഏജന്‍സി അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. വര്‍ഗീയകലാപവും ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തിരുന്നതായും, അതിനായി സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരവും എന്‍ഐഎ കണ്ടെത്തിയിരുന്നു. പിടിയിലായവര്‍ ഭീകരവാദികളല്ലെന്നും അവര്‍ക്കാവശ്യമായ നിയമസഹായം നല്‍കുമെന്നാണ് ഒവൈസി അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയോടെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഒവൈസിക്കെതിരെ എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു. ഒവൈസിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനതാ ദള്‍ യുണൈറ്റഡും രംഗത്തെത്തിയിട്ടുണ്ട്. ജെഡിയു നേതാവ് അജയ് അലോക് ആണ് പാര്‍ട്ടിക്ക് വേണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും കാര്യങ്ങളിലേക്ക് ഏടുത്തു ചാടുന്നതിന് തൊട്ടുമുന്‍പ് അതിന്റെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കണമെന്നും ബിജെപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളില്‍ അടക്കം വന്നതാണെന്നും കോടതിക്ക് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പര്യാപ്തമാണെന്ന് തോന്നിയാല്‍ ഒവൈസി നിര്‍ബന്ധമായും ഉത്തരം പറയേണ്ടി വരുമെന്നും പറഞ്ഞു. മുന്‍പും രാജ്യവിരുദ്ധവും വര്‍ഗ്ഗീയപരമായ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുള്ളയാളാണ് അസാദുദ്ദീന്‍ ഒവൈസി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.