വീട് കുത്തി തുറന്ന് നാലര പവന്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

Monday 4 July 2016 12:09 pm IST

വണ്ടൂര്‍: വീടിന്റെ വാതില്‍ തകര്‍ത്ത് പോരൂരില്‍ നാലര പവന്‍ സ്വര്‍ണവും,പതിനായിരം രൂപയും മോഷ്ടിച്ചു. പോരൂര്‍ യുസിഎന്‍എന്‍എം എയുപി സ്‌കൂള്‍ മാനേജര്‍ യു.സി ശ്രീകുമാരന്റെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീകുമാരനും,ഭാര്യയും മണിപ്പാലിലുള്ള മകളുടെ അടുത്തേക്ക് പോയിരുന്നു. നാട്ടിലുള്ള മകന്‍ രഞ്ജിത്ത് ശനിയാഴ്ച്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണമറിയുന്നത്. മുന്‍ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലും, അടുക്കള വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. മുന്‍ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് വാതില്‍ അകത്ത് നിന്നും പൂട്ടി മോഷണ ശേഷം അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടതാകാമെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാരക്കകത്ത് പെട്ടിയില്‍ സൂക്ഷിച്ച സ്വര്‍ണവും, രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് മോഷണം പോയത്. മലപ്പുറത്തു നിന്നും ഡോഗ് സ്്ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച് ഒരു കിലോമീറ്ററിലധികം ഓടിയ പോലീസ് നായ താളിയംകുണ്ട് റോഡില്‍ കയറി ഓട്ടം അവസാനിപ്പിച്ചു. രാത്രി പെയ്ത മഴയാണ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധനക്ക് പ്രയാസം സൃഷ്ടിച്ചത്. മുന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത വിധം പരിശോധിച്ചാല്‍ പരിശീലനം ലഭിച്ച മോഷ്ടാവാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായി സിഐ സാജു എബ്രഹാം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.