ജന്മാന്തര സ്മരണയില്‍ ജനലക്ഷങ്ങള്‍

Monday 20 February 2012 5:49 pm IST

ആലുവ: വേദമന്ത്രോച്ചാരണങ്ങള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആലുവ ശിവരാത്രി മണപ്പുറത്ത്‌ ലക്ഷങ്ങളെത്തി. ഭൂതനാഥന്റെ അപദാനങ്ങള്‍ വാഴ്ത്തിയും കേട്ടുമിരുന്ന്‌ ബലികര്‍മ്മങ്ങളനുഷ്ഠിക്കാന്‍ ഇന്നലെ സന്ധ്യയോടെ തന്നെ ഭക്തജനങ്ങളെത്തിത്തുടങ്ങിയിരുന്നു. പുഴയോരത്തുടനീളം മുന്നൂറോളം ബലിത്തറകള്‍ ഭക്തജനങ്ങള്‍ക്ക്‌ ബലിതര്‍പ്പണത്തിനായി ഒരുക്കിയിരുന്നു. ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക്‌ പ്രസാദം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌ നൂറില്‍പ്പരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇന്നലെ രാവിലെ മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച ലക്ഷാര്‍ച്ചന രാത്രി 11 മണിവരെ നീണ്ടു. തുടര്‍ന്ന്‌ ജലം, കരിക്ക്‌, പനിനീര്‍ എന്നിവകൊണ്ട്‌ വിശേഷാല്‍ അഭിഷേകങ്ങളും നടത്തിയശേഷം ശിവരാത്രി വിളക്ക്‌ നടന്നു. തുടര്‍ന്നാണ്‌ പെരിയാറിന്റെ തീരത്ത്‌ ഒരുക്കിയ ബലിത്തറയില്‍ നാനൂറോളം കാര്‍മ്മികരുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്‌. ശിവരാത്രിയും കുംഭമാസത്തിലെ കറുത്തവാവും ഇത്തവണ ഒരേ ദിവസമായതിനാല്‍ കൂടുതല്‍ ജനങ്ങളാണ്‌ മണപ്പുറത്തെത്തിയത്‌. ഭക്തര്‍ക്ക്‌ ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡും ക്ഷേത്രഉപദേശക സമിതിയും ഒരുക്കിയിരുന്നു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ മണപ്പുറത്ത്‌ വിന്യസിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക്‌ പുറമെ ഫിഷറീസ്‌ വകുപ്പിന്റെ മുങ്ങല്‍ വിദഗ്ദ്ധരും ഉണ്ടായി. സേവാഭാരതിയുടെ നേതൃത്വത്തില്‍ വൈദ്യസഹായം, കുടിവെള്ളവിതരണം, ആംബുലന്‍സ്‌ സര്‍വ്വീസ്‌, കൂട്ടം തെറ്റിയവരെ കണ്ടെത്തല്‍, അനൗണ്‍സ്മെന്റ്‌, വാഹനനിയന്ത്രണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ന്‌ മഹാദേവക്ഷേത്രത്തില്‍ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ശ്രീഭൂതബലി, തിലഹവനം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്‌ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടന്നു. ഒരേ സമയം മൂവായിരം പേര്‍ക്ക്‌ ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. സ്വാമി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി ജയന്തന്‍ എന്നിവര്‍ ബലിതര്‍പ്പണത്തിന്‌ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.