ഇടഞ്ഞോടിയ ആന വൃദ്ധനെ അടിച്ചുകൊന്നു

Monday 20 February 2012 11:21 pm IST

കുന്നംകുളം : ഇടഞ്ഞോടിയ ആന പ്രഭാതസവാരിക്കിറങ്ങിയ വൃദ്ധനെ തുമ്പിക്കൈകൊണ്ട്‌ അടിച്ചുകൊന്നു. പാപ്പാനെ കുത്തിപരിക്കേല്‍പ്പിച്ചു. പോര്‍ക്കുളം കോലാടി വീട്ടില്‍ സൈമണ്‍ (74) ആണ്‌ മരിച്ചത്‌. ആനയുടെ കുത്തേറ്റ്‌ പാപ്പാന്‍ തിരുവാഗപ്പുറം വെളുത്തേടത്ത്‌ വീട്ടില്‍ ശിവശങ്കരനേയും ആനയുടെ പരാക്രമത്തിനിടയില്‍ പരിക്കേറ്റ ചൊവ്വന്നൂര്‍ കുട്ടന്‍കുളങ്ങര വീട്ടില്‍ വാസു (75)നേയും കുന്നംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെ അരുവായ്‌ ചിറവരമ്പത്തുകാവ്‌ ക്ഷേത്രത്തിലെ പൂരം കഴിഞ്ഞ്‌ മടങ്ങുന്നതിനിടെയാണ്‌ വടക്കാഞ്ചേരി ഗ്രാങ്ങാട്ട്‌ വിഷ്ണുപ്രസാദ്‌ വിരണ്ടോടിയത്‌. പോര്‍ക്കുളം ഭാഗത്തുനിന്നും ഓടിയ ആന പാറേമ്പാടം വഴി ചൊവ്വന്നൂര്‍ ഭാഗത്തേക്ക്‌ കടന്നു. ഈ സമയം വീട്ടുപറമ്പില്‍ ജോലി ചെയ്യുകയായിരുന്ന വാസുവിനെ ആക്രമിക്കുകയായിരുന്നു. പോര്‍ക്കുളം ചൊവ്വന്നൂര്‍ മരത്തംകോട്‌ കിടങ്ങൂര്‍ പന്നിത്തടം അക്കിക്കാവ്‌ മേഖലകളില്‍ ഭീതി ഉയര്‍ത്തി ഇടഞ്ഞോടിയ ആനയെ നാല്‌ മണിക്കൂറിന്‌ ശേഷമാണ്‌ തളക്കാനായത്‌. ഇതിനിടയില്‍ ചൊവ്വന്നൂര്‍ ചെറിയടത്ത്‌ ഉമയുടെ വീട്ടുമതില്‍ തകര്‍ത്തു. ചിറമനങ്ങാട്‌ ചീരാട്ട്‌ അബ്ദു, പോര്‍ക്കുളം വടാശ്ശേരി മണി, ചെറുവത്തൂര്‍ പാവു, കാഞ്ഞങ്ങാട്‌ വേലായുധന്‍,കണ്ടംമ്പുള്ളി ഭാസ്കരന്‍ എന്നിവരുടെ വീടുകളും ആന ഭാഗികമായി തകര്‍ത്തു. തുടര്‍ന്ന്‌ അക്കിക്കാവ്‌ റോയല്‍ എഞ്ചിനീയറിങ്ങ്‌ കോളേജിന്‌ സമീപമുള്ള കാടുപിടിച്ച പറമ്പിലേക്ക്‌ കടന്ന കൊമ്പന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചു. ഏറെ നേരം തിരച്ചില്‍ നടത്തിയതിന്‌ ശേഷമാണ്‌ ആനയെ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഒടുവില്‍ എലിഫന്റ്‌ സ്ക്വാഡിലെ ഡോക്ടര്‍മാരായ ഡോ.ഗിരി, ഡോ.രാജീവ്‌, ഡോ.വിവേക്‌ എന്നിവരുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച്‌ തളക്കുകയായിരുന്നു. ആന ഓടിയതറിഞ്ഞ്‌ നിരവധി പേരാണ്‌ പിന്നാലെ കൂടിയത്‌. ഇത്‌ ആനയെ തളക്കാന്‍ പ്രയാസം നേരിട്ടു. ആന ഓടുന്നത്‌ മൊബെയിലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ദിവസം കുന്നംകുളത്തിനടുത്ത്‌ കേച്ചേരിയില്‍ ഇടഞ്ഞ കൊമ്പന്‍ രണ്ടുപേരെ കുത്തി കൊലപ്പെടുത്തിയിരുന്നു. ഇന്നലെ പാപ്പാന്മാരുടെ ക്രൂരമര്‍ദ്ദനമാണ്‌ ആന ഇടഞ്ഞോടാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.